ഈ യുവ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വിവാഹം പാമ്പാടി സബ് റജിസ്ട്രാര്‍ ഓഫീസില്‍ 20കുടുംബങ്ങളിലേക്ക് പ്രകാശം പകര്‍ന്ന് നടക്കും,ഇതാകണം മാതൃക

Advertisement

കോട്ടയം: അനാര്‍ഭാടമെന്നും മാതൃകയുമെന്നും പറഞ്ഞു നടന്നാല്‍പോരാ അത് സ്വജീവിതത്തില്‍ പകര്‍ത്താനും തയ്യാറാകണം. എന്തായാലും മലയാളി ഐആര്‍എസ് ഓഫീസറായ കോട്ടയം സ്വദേശിനി ആര്യ ആര്‍ നായരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശിവവും അത്തരം ഒരു തീരുമാനമാണ് എടുത്തത്.

ഈ മാസം 27ന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്പാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇവര്‍ വിവാഹിതരാവുകയാണ്. പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാന്‍ വളരെ അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ആര്യ ആര്‍ നായര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കുറിപ്പ് ചുവടേ
ജീവിതത്തിലെടുത്ത തീരുമാനങ്ങളില്‍ വളരെ മികച്ചത് എന്നെനിക്ക് തോന്നിയ ഒന്ന് നിങ്ങളെല്ലാവരുമായ് പങ്കുവെയ്ക്കട്ടെ . എന്നെ അടുത്തറിയുന്നവര്‍ക്ക് തീര്‍ച്ചയായും ഇതില്‍ പുതുമ തോന്നില്ല, കാരണം കോളേജ് കാലം മുതല്‍ പറഞ്ഞ് പറഞ്ഞ് ഉറപ്പിച്ചതാണിത്.

ഈ വരുന്ന വെള്ളിയാഴ്ച (27.01.2023) കല്യാണം കഴിയ്ക്കാണ്. ആര്‍ഭാടങ്ങള്‍ ഒഴിവാക്കി പാമ്ബാടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ് പ്രകാരം വിവാഹിതരാകാന്‍ ആണ് എന്റെയും ശിവത്തിന്റെയും തീരുമാനം.

പുതിയ ജീവിതം തുടങ്ങുന്ന സന്തോഷം ആഘോഷിക്കാന്‍ ഞങ്ങള്‍ വളരെ അര്‍ഹതപ്പെട്ട 20 കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസച്ചെലവുകള്‍ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. ഈ പുതിയ യാത്രയില്‍ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഒപ്പം ഉണ്ടാവണേ.

തീരുമാനത്തില്‍ ആശംസ നേര്‍ന്ന് ഒട്ടേറെ പേരാണ് കമന്റിട്ടത്.
2019ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഇന്റര്‍വ്യൂവില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് ലഭിച്ചത് ആര്യ ആര്‍ നായര്‍ക്കായിരുന്നു, 275ല്‍ 206 മാര്‍ക്ക്. എഴുത്തുപരീക്ഷയിലെ മാര്‍ക്ക് കൂടി ചേര്‍ക്കുമ്‌ബോള്‍ 301ാം റാങ്കാണ് ആര്യക്ക് ലഭിച്ചത്. ഐആര്‍എസ് തെരഞ്ഞെടുത്ത ആര്യ ഇപ്പോള്‍ അസിസ്റ്റന്റ് കമ്മീഷണറാണ്.

റിട്ട.ജോയിന്റ് ലേബര്‍ കമ്മീഷണറായ കോട്ടയം കൂരോപ്പട അരവിന്ദത്തില്‍ ജി രാധാകൃഷണന്‍ നായരുടെയും റിട്ട. അധ്യാപിക സുജാതയുടെയും മകളാണ് ആര്യ. മധ്യപ്രദേശില്‍ ഇന്റിലിജന്‍സ് ബ്യൂറോയിലെ ജോലിക്കിടെയായിരുന്നു സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചത്. അരവിന്ദന്‍ സഹോദരനാണ്.