ആയൂര്‍. മകളോട് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് മർദ്ദമേറ്റ പിതാവ് ആത്മഹത്യ ചെയ്ത കേസിൽ മുഴുവൻ പ്രതികളും കീഴടങ്ങി. മർദ്ദനം ഉണ്ടായതായി സ്ഥിരീകരിച്ച് പ്രതികളുടെ മൊഴി ലഭിച്ചിട്ടുണ്ട്..
പ്രതികൾക്ക് എതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.ഇടുക്കി സ്വദേശി ആൻസൻ, ആയൂർ സ്വദേശികളായ ഫൈസൽ, മോനിഷ്, നൗഫൽ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ആൻസനാണ് പെൺകുട്ടിയെ അപമാനിച്ചതെന്ന് പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ പതിനെട്ടാം തീയതിയാണ് കൊല്ലം ആയൂരിൽ ട്യൂഷൻ കഴിഞ്ഞ് പിതാവിനൊപ്പം വീട്ടിലേക്ക് പോയ മകളെ മദ്യപാന സംഘം അസഭ്യം പറഞ്ഞത്. മകളോട് മോശമായി പെരുമാറിയത് പിതാവ് ചോദ്യം ചെയ്തോടെ നാലുപേരടങ്ങുന്ന മദ്യപസംഘം അതിക്രൂരമായി മർദ്ദിച്ചുവെന്നാണ് കുടുംബത്തിൻ്റെ പരാതി.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഒപ്പം സാക്ഷിപറയാനോ സഹായിക്കാനോ ആരും തയ്യാറാകാതിരുന്നത് മനോവിഷമമായിരുന്നു. മുറിയില്‍നിന്നിറങ്ങാനോഭക്ഷണം കഴിക്കാനോ പിതാവ് തയ്യാറായില്ല. പ്രദേശവാസികളുടെ നിര്‍വികാര സമീപനമാണ് വലിയ വേദനയായത്.
മർദ്ദനമേറ്റതിൻ്റെ തൊട്ടടുത്ത ദിവസം
രാത്രി 9 മണിയോടെ വീടിനു പിന്നിലെ ഷെഡിൽ ഇയാളെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. മർദ്ദനത്തിൽ മനംനൊന്താണ് പിതാവ് ആത്മഹത്യ ചെയ്തതെന്നായിരുന്നു കുടുംബത്തിൻ്റെ ആരോപണം.കുടുംബാംഗങ്ങളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 4 പേർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തിരുന്നു. പിന്നാലെ ഒളിവിൽ പോയ പ്രതികൾ ഇന്ന് പോലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.
മദ്യപാനത്തിനിടയിൽ പിതാവിനെ മർദ്ദിച്ചതായി പ്രതികളിൽ ഒരാൾ പോലീസിനോട് സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു.