തിരുവനന്തപുരം: പൊന്നരിവാളമ്പിളിയില്‍ കണ്ണെറിഞ്ഞവള്‍… കൈലിയും ബ്ലൗസുമണിഞ്ഞ് കൊയ്ത്തരിവാളുമായി അരങ്ങിലെത്തിയ മാല എന്ന കഥാപാത്രത്തെ അത്ര പെട്ടെന്നൊന്നും മലയാളികള്‍ മറക്കാനിടയില്ല. തോപ്പില്‍ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം കെപിഎസി പുനരവതരിപ്പിച്ചപ്പോള്‍ നായിക മാലയ്ക്ക് ജീവന്‍ നല്കിയ നടി കെപിഎസി ശാന്തി ഇന്ന് ജീവിതത്തിന്‍റെ അരങ്ങില്‍ തളര്‍ന്നിരിപ്പാണ്. ഒരു നേരത്തെ അന്നത്തിനു പോലും ഗതിയില്ലാതെ.
തിരുവനന്തപുരം ശാസ്തമംഗലത്തെ വാടകവീട്ടിലിരുന്ന് ശാന്തി (33) വിശപ്പിന്റെ, വേദനയുടെ കാഠിന്യം സഹിക്കാതാവുമ്പോള്‍ ഓര്‍ത്തെടുക്കുന്നു, മാലയായി താന്‍ വേദിയിലെത്തിയപ്പോള്‍ മുഴങ്ങിക്കേട്ട ഹര്‍ഷാരവങ്ങള്‍. കണ്ണുനീര്‍ വാര്‍ക്കാതെ ഇന്നലെകളെ ഓര്‍ക്കാനാകുന്നില്ല ശാന്തിക്ക്. 10-ാം വയസില്‍ അഭിമന്യു എന്ന നാടകത്തില്‍ സുമയായി അഭിനയിച്ചാണ് ശാന്തിയുടെ നാടകജീവിതത്തിലെ തുടക്കം. 19-ാം വയസില്‍ കെപിഎസിയിലെത്തി. ജീവിതം നിറപ്പകിട്ടുള്ളതായി മാറിയ കാലം. അതിനിടെയാണ് കുടുംബത്തിന്റെ നെടുംതൂണായിരുന്ന അച്ഛന്‍ വീടു വൃത്തിയാക്കുന്നതിനിടെ മുകളിലത്തെ നിലയില്‍നിന്ന് വീണത്. അച്ഛനെ പരിചരിക്കാന്‍ അഭിനയം നിര്‍ത്തി.
സ്വകാര്യആശുപത്രികളിലെ ഭീമമായ ചെലവ് കണ്ടെത്താന്‍ വീട് വിറ്റു. കടബാദ്ധ്യതകള്‍ക്കിടയിലായിരുന്നു ഇലക്ട്രീഷ്യനായ സതീഷുമായുള്ള വിവാഹം. ജീവിതം കരകയറി വരുമ്പോള്‍ സതീഷിന് രണ്ടുവര്‍ഷത്തിനിടെ സംഭവിച്ചത് മൂന്നു വാഹനാപകടങ്ങള്‍. കാലിലെ ഞരമ്പ് ബ്ലോക്കായി പൊട്ടി പഴുത്ത അവസ്ഥയാണ്. അക്ക്യുപങ്ചര്‍ ചികിത്സ ഡോക്ടര്‍ നിര്‍ദ്ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ നടന്നില്ല. ഒന്നരമാസംമുമ്പ് ശാന്തിക്ക് വാഹനാപകടത്തില്‍ പരിക്കേറ്റതോടെ ജീവിതം പൂര്‍ണമായും ഇരുട്ടിലായി.
അപകടത്തില്‍ കൈക്ക് പൊട്ടലും വിരലുകള്‍ ഒടിയുകയും ചെയ്തു. പരസഹായമില്ലാതെ ഭക്ഷണം കഴിക്കാന്‍ പോലുമാവില്ല. പോഷകാഹാരക്കുറവുണ്ടെന്നും കണ്ടെത്തി. വാടകവീട്ടില്‍ അന്തിയുറങ്ങുന്ന ശാന്തിക്കും കുടുംബത്തിനും മരുന്നിനുപോലും നിവൃത്തിയില്ല. രണ്ടു ബാങ്കുകളിലായി 30 ലക്ഷത്തോളം സാമ്പത്തിക ബാദ്ധ്യതയുണ്ട്. നടി സീമ ജി. നായര്‍ ഇടയ്ക്ക് സഹായിച്ചിരുന്നു. പ്രീപ്രൈമറിയില്‍ പഠിക്കുന്ന ആദിത്യനും ആതിരയുമാണ് മക്കള്‍.
തുലാഭാരത്തിലെ അഡ്വ. വത്സല, അധിനിവേശത്തിലെ പ്രശാന്തി, അശ്വമേധത്തിലെ സരോജം തുടങ്ങിയ കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഒറ്റ ശ്വാസത്തില്‍ മുഴുനീളന്‍ സംഭാഷണങ്ങള്‍ പറഞ്ഞിരുന്ന ശാന്തിക്ക് ഇന്ന് ശ്വാസതടസമുള്ളതിനാല്‍ വാക്കുകളൊന്നും മുഴുമിപ്പിക്കാനാവില്ല.
സുമനസുകളുടെ മുന്നില്‍ ഒരിറ്റ് കാരുണ്യത്തിനായി യാചിക്കുകയാണ് ഈ പഴയ നടി. സഹായിക്കാന്‍ താല്പര്യമുള്ളവര്‍ ശാന്തി എസ്. നായര്‍, തിരുവനന്തപുരം എസ്ബിഐ ഫോര്‍ട്ട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ 20198756539, ഐഎഫ്എസ്‌സി കോഡ് എസ്ബിഐഎന്‍ 0060333 എന്ന അക്കൗണ്ടിലോ 9048936334 എന്ന ഗൂഗിള്‍ പേ വഴിയോ സഹായമെത്തിക്കാം. ഫോണ്‍ 9048936334.