കോട്ടയം: റിപ്പബ്‌ളിക് ദിനത്തില്‍ കേരളത്തിലെ സൈനിക കൂട്ടായ്മകള്‍ക്കും ധീരസൈനികര്‍ക്കും അക്ഷര നഗരിയില്‍ നല്‍കിയ സ്‌നേഹാദരവ് നവ്യാനുഭവമായി. സ്‌നേഹക്കൂട് അഭയമന്ദിരത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്‌നേഹപൂര്‍വ്വം സൈനികര്‍ക്ക്’ എന്ന പേരില്‍ സ്‌നേഹാദരവ് സംഘടിപ്പിച്ചത്.
കേരളത്തിലെ പത്തോളം സൈനിക കൂട്ടായ്മകളും വീര്‍ ചക്ര, കീര്‍ത്തി ചക്ര ജേതാക്കളും സൈനികരുടെ ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു. യുദ്ധഭൂമിയില്‍ രക്ഷസാക്ഷിത്വം വരിച്ച സൈനികര്‍ക്കു പ്രണാമം അര്‍പ്പിച്ചു കൊണ്ടായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് യുദ്ധഭൂമിയിലെ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. 1971ലെ ഇന്ത്യാ-പാക് യുദ്ധം, അതിര്‍ത്തിയിലെ സംഘര്‍ഷം, ജമ്മു – കാശ്മീരിലെ അനുഭവങ്ങള്‍, പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടത്തിയ ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്‍സ് തുടങ്ങിയവയില്‍ പങ്കെടുത്തവര്‍ അതേക്കുറിച്ച് വിവരിച്ചു. യുദ്ധവും യുദ്ധാനന്തര അനുഭവങ്ങളും നേരിടാത്ത ചടങ്ങില്‍ പങ്കെടുത്തവര്‍ സൈനികര്‍ നടത്തിയ ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ അനുഭവകഥകള്‍ കേട്ട് കണ്ണുകളില്‍ ഈറനണിഞ്ഞു. പിന്നെ, മനം നിറഞ്ഞ സന്തോഷത്തോടെ കൈയ്യടിച്ച് സൈനികര്‍ക്കു പിന്തുണ നല്‍കി.ചടങ്ങ് 16 കേരള എന്‍ സി സി ബറ്റാലിയന്‍ കമാന്‍ഡിംഗ് ഓഫീസര്‍ കേണല്‍ പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു.
ഗാര്‍ഡിയന്‍സ് ഓഫ് ദ നേഷന്‍, ബോര്‍ഡര്‍ വാരിയേഴ്‌സ്, പതിനഞ്ച് കേരള, തപസ് പത്തനംതിട്ട, എക്‌സ് സര്‍വ്വീസ്‌മെന്‍ ലീഗ്, സോള്‍ജിയേഴ്‌സ് ഓഫ് ഈസ്റ്റ് വെനീസ്, നാഷണല്‍ എക്‌സ് സര്‍വ്വീസ്‌മെന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി, ക്വയിലോണ്‍ മല്ലു സോള്‍ജിയേഴ്‌സ് എന്നീ സൈനിക കൂട്ടായ്മകളെ സേവനരത്‌ന പുരസ്‌ക്കാരങ്ങള്‍ നല്‍കി ആദരിച്ചു. 1971ലെ ഇന്‍ഡോ പാക് യുദ്ധവീരന്‍ പരേതനായ നായിക് സുബേദാര്‍ ജോര്‍ജിനു മരണബഹുമതിയായി സത് സേവന പുര രസ്‌ക്കാരം ബന്ധുക്കള്‍ക്കു സമ്മാനിച്ചു. ഹവീല്‍ദാര്‍ കെ ജി ജോര്‍ജ് (വീര്‍ ചക്ര), നായിക് സുബേദാര്‍ പി ഒ ചെറിയാന്‍ (വീര്‍ ചക്ര), ഹവീല്‍ദാര്‍ വര്‍ഗ്ഗീസ് മാത്യു (കീര്‍ത്തിചക്ര), ക്യാപ്റ്റന്‍ സുനില്‍ മണിമന്ദിരം എന്നിവര്‍ക്കും സത് സേവന പുരസ്‌കാരം നല്‍കി ആദരിച്ചു.
പാലായിലെ മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ ജോസിന് 25001 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന ദേശീയോദ്ഗ്രഥനത്തിനുള്ള റെസ്‌പോണ്‍സബിള്‍ സിറ്റിസണ്‍ പുരസ്‌കാരവും കേണല്‍ പി ദാമോദരന്‍ സമ്മാനിച്ചു.
സ്‌നേഹക്കൂട് ഡയറക്ടര്‍ നിഷ സ്‌നേഹക്കൂട് അധ്യക്ഷത വഹിച്ചു. മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ അഡ്വ സജയന്‍ ജേക്കബ്, സജീഷ് മണലേല്‍, അനുരാജ് ബി കെ, എബി ജെ ജോസ്, സാംജി പഴേപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. നൂറില്‍പരം സൈനികര്‍ ചടങ്ങില്‍ പങ്കെടുത്തു. എല്ലാ സൈനികര്‍ക്കും മെഡലും പ്രശസ്തിപത്രവും സമ്മാനിച്ചു.