പലരും ഒരു ദിവസം തുടങ്ങുന്നത് ചായയോ കാപ്പിയോ കുടിച്ച് കൊണ്ടാകും. ഇനി മുതൽ രാവിലെ ഹെൽത്തിയായൊരു പുതിന ചായ കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുന്നത് ധാരാളം ആരോഗ്യഗുണങ്ങൾ നൽകും. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
പുതിനയ്ക്ക് വളരെ ശക്തമായ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ചർമ്മരോഗങ്ങൾ കുറയ്ക്കാനും പുതിന അത്യുത്തമമാണ്. വേനൽക്കാലത്ത് പ്രത്യേകിച്ച് പുതിന ഭക്ഷണത്തിൽ ചേർക്കണം.
ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിന് പുതിനയ്ക്ക് കഴിയും. പുതിനയിലെ സജീവ എണ്ണയായ മെന്തോളിന് ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഉണ്ട്. ഇത് ദഹനക്കേട് ഒഴിവാക്കാനും വയറുവേദനയെ ശമിപ്പിക്കാനും സഹായിക്കുന്നു.
പുതിനയുടെ ഉപയോഗം ആസ്ത്മ രോഗികൾക്ക് ആശ്വാസം നൽകുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. പുതിനയുടെ ശക്തവും ഉന്മേഷദായകവുമായ സുഗന്ധം തലവേദന കുറയ്ക്കാൻ സഹായിക്കും.
പുതിനയില ചവയ്ക്കുന്നത് അണുനാശിനി ഗുണങ്ങൾ ഉള്ളതിനാൽ മോണരോഗങ്ങളും ദന്തപ്രശ്നങ്ങളും അകറ്റുന്നതിന് സഹായിക്കുന്നു. ഇത് വായയ്ക്കുള്ളിലെ ബാക്ടീരിയകളുടെ വളർച്ചയെ തടയുകയും പല്ലിലെ ഫലകങ്ങൾ ശുദ്ധീകരിക്കുകയും ചെയ്യുന്നു. വിപണിയിലെ പല ടൂത്ത് പേസ്റ്റുകളും പുതിന ചേർക്കുന്നതായി കണ്ട് വരുന്നു.
ശരീരഭാരം കുറയ്ക്കുന്നതിലും പുതിനയ്ക്ക് പങ്കുണ്ട്. പുതിന ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു, ഇത് ഭക്ഷണത്തിൽ നിന്ന് പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിന് പോഷകങ്ങൾ ശരിയായി സ്വാംശീകരിക്കാനും ആഗിരണം ചെയ്യാനും കഴിയുമ്പോൾ, മെച്ചപ്പെട്ട മെറ്റബോളിസം ഉണ്ടാകുന്നു. വേഗത്തിലുള്ള മെറ്റബോളിസം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിവിധ പഠനങ്ങൾ അനുസരിച്ച്, പുതിന കഴിക്കുന്നത് ഏകാഗ്രത, ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.