തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ഈ വർഷത്തെ ആദ്യ ന്യൂന മർദ്ദം രൂപപ്പെട്ടു.അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിക്കുന്ന ന്യുന മർദ്ദം ജനുവരി അവസാനത്തോടെ ശ്രീലങ്ക തീത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. നിലവിലെ നിഗമന പ്രകാരം ഈ മാസം അവസാനവും ഫെബ്രുവരി ആദ്യവും തെക്കൻ കേരളത്തിൽ മഴക്ക് സാധ്യതയുണ്ട്.
നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ കിട്ടിയിരുന്നു. തെക്കൻ കേരളത്തിനാണ് കൂടുതൽ മഴ കിട്ടിയത്. ഒറ്റപ്പെട്ട മഴ മധ്യകേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടി.
മഡഗാസ്കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷസ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കിയത്.
മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം
കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
26-01-2023 മുതൽ 28-01-2023 വരെ: ഭൂമധ്യരേഖയോട് ചേർന്നുള്ള ഇന്ത്യൻ മഹാസമുദ്രത്തിന്റെ കിഴക്കൻ ഭാഗം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
29-01-2023 മുതൽ 30-01-2023 വരെ: ശ്രീലങ്കൻ തീരത്തോട് ചേർന്നുള്ള തെക്കൻ ബംഗാൾ ഉൾക്കടലിൻറെ മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെ വേഗതയിലും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.