പത്തനംതിട്ട: കൈപ്പട്ടൂരില്‍ കോണ്‍ക്രീറ്റ് മിക്‌സിങ് ലോറിയും സ്വകാര്യ ബസ്സും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായത് കൈപ്പട്ടൂര്‍ വിഎച്ച്എസ്എസിലെ കുട്ടികള്‍. വണ്ടിക്കുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത വിദ്യാര്‍ത്ഥിയെ കലക്ടറര്‍ ദിവ്യ എസ് അയ്യര്‍ നേരിട്ടെത്തി അനുമോദിച്ചു.
അപകടസ്ഥലത്തിന് തൊട്ടടുത്തുണ്ടായിരുന്ന വി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥി ദേവദത്തനാണ് ലോറിക്കുള്ളില്‍ കുടുങ്ങി കിടന്ന ഡ്രൈവറെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്തത്.
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ വലത് കൈക്ക് പരിക്കേറ്റ ദേവദത്തനെയും സുഹൃത്തുക്കളെയും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കലക്ടര്‍ ദിവ്യ എസ് അയ്യര്‍ സന്ദര്‍ശിച്ച് സ്‌നേഹവും നന്ദിയും അറിയിച്ചത്. പൗരബോധവും സാമൂഹികപ്രതിബദ്ധതയും തെളിഞ്ഞു കാണുന്ന ഇത്തരം മാതൃകാപരമായ പ്രവൃത്തികള്‍ നമ്മുടെ സ്വന്തം വിദ്യാര്‍ത്ഥികളില്‍ നിന്നുമുണ്ടാകുന്നതില്‍ നമുക്കു അഭിമാനിക്കാമെന്നും കലക്ടര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ:
പത്തനംതിട്ട കൈപ്പട്ടൂരില്‍ ഇന്ന് കോണ്‍ക്രീറ്റ് മിക്‌സര്‍ ലോറി ചരിഞ്ഞു ബസ്സുമായി കൂട്ടിയിടിച്ചുണ്ടായ വാഹപകടത്തില്‍ യാത്രക്കാരെ ദ്രുതഗതിയിലുള്ള രക്ഷാപ്രവര്‍ത്തനത്തിലൂടെ സുരക്ഷിതരാക്കുവാന്‍ കഴിഞ്ഞു. പ്രദേശവാസികളുടെ സഹകരണത്തോടെ ഫയര്‍ ഫോഴ്‌സ്, പോലീസ്, ദുരന്ത നിവാരണ അതോറിറ്റി, പഞ്ചായത്, ആരോഗ്യ വകുപ്പ് എന്നിവരുടെ ഏകോപനം കൃത്യമായി നടന്നു.
അപകടസ്ഥലത്തിന് തൊട്ടടുത്തുണ്ടായിരുന്ന വി എച്ച് എച്ച് എസ് കൈപ്പട്ടൂരിലെ വിദ്യാര്‍ത്ഥികളുടെ സന്നദ്ധത ഏറെ ശ്രദ്ധേയമായി. വിദ്യാലായാങ്കണത്തില്‍ നില്‍ക്കവേ സംഭവമറിഞ്ഞ പതിനൊന്നു- പന്ത്രണ്ടു ക്ലാസ്സുകളിലെ ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ഉടനെ പുറത്തേക്കു വന്നു യാത്രക്കാരെ രക്ഷപെടുത്താന്‍ ആരംഭിച്ചു. മറിഞ്ഞു കിടന്ന ലോറിയുടെ ഡ്രൈവര്‍ വണ്ടിക്കുള്ളില്‍ കുടുങ്ങി കിടക്കുന്നത് കണ്ടു ദേവദത്തന്‍ എന്ന മിടുക്കന്‍ ഗ്ലാസ് പൊട്ടിച്ചു അദ്ദേഹത്തെ പുറത്തേക്കെടുത്തു. അതിനിടയില്‍ വലത് കൈക്ക് പരിക്കേറ്റ ദേവദത്തനെയും സുഹൃത്തുക്കളെയും പത്തനംതിട്ട GH-ല്‍ സന്ദര്‍ശിച്ചു സ്‌നേഹവും നന്ദിയും അറിയിച്ചു. പൗരബോധവും സാമൂഹികപ്രതിബദ്ധതയും തെളിഞ്ഞു കാണുന്ന ഇത്തരം മാതൃകാപരമായ പ്രവൃത്തികള്‍ നമ്മുടെ സ്വന്തം വിദ്യാര്‍ത്ഥികളില്‍ നിന്നുമുണ്ടാകുന്നതില്‍ നമുക്കു അഭിമാനിക്കാം.
പത്തനംതിട്ടയില്‍ നിന്നും അടൂരിലേക്ക് പോയ സ്വകാര്യ ബസ്സും കോണ്‍ക്രീറ്റ് മിക്‌സിങിനായി പോകുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൈപ്പട്ടുര്‍ ഹൈസ്‌ക്കൂള്‍ ജംഷന് സമീപത്തെ വളവില്‍ വെച്ചായിരുന്നു അപകടം നടന്നത്.
അമിത വേഗത്തില്‍ അടൂരില്‍ നിന്നും വന്ന ലോറി ബസ്സില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസ് റോഡിന്റെ വശത്തേക്ക് മറിഞ്ഞ് പോകുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് 25 ഓളം പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ ആരോഗ്യനില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ നിലവില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.