അച്ഛനമ്മമാർക്കൊപ്പം റിപ്പബ്ലിക് ദിനാഘോഷം: ആലപ്പുഴ കലക്ടറുടെ പോസ്റ്റ് ഹിറ്റായി

Advertisement

ആലപ്പുഴ: അച്ഛന്റെയും അമ്മയുടെയും കൂടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവച്ച് കലക്ടർ വി.ആർ.കൃഷ്ണതേജ. ഇതുസംബന്ധിച്ച് കലക്ടർ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് ഹിറ്റ് ആയി. താൻ റിപ്പബ്ലിക് ദിന പരേഡ് സല്യൂട്ട് സ്വീകരിക്കുന്നത് മാതാപിതാക്കളുടെ സാന്നിധ്യത്തിലാകണമെന്ന ആഗ്രഹം നിറവേറിയെന്നായിരുന്നു കലക്ടറുടെ ഫെയ്സ് ബുക് പോസ്റ്റ്.

‘‘ ഞാൻ സല്യൂട്ട് സ്വീകരിച്ച ശേഷം അച്ഛന്റെയും അമ്മയുടെയും കണ്ണുകൾ നിറയുന്നത് കണ്ടു. ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ, ഒട്ടേറെ പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് എന്റെ സ്വപ്നം സാക്ഷാത്കരിക്കാനായത്’’– കലക്ടർ ഫെയ്സ്ബുക്കിൽ കുറിച്ചു. മാതാപിതാക്കൾക്കൊപ്പമുള്ള ചിത്രവും കലക്ടർ പങ്കുവച്ചു.ആഗ്രഹിച്ച വിജയം നേടാനാകാതെ വരുമ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖം ഓർക്കണമെന്നും സ്വപ്നം സാക്ഷാത്കരിച്ച് നമ്മൾ വിജയിച്ച് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷം മനസ്സിലെത്തണമെന്നും കലക്ടറുടെ കുറിപ്പിലുണ്ട്.