പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു. കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കുടുങ്ങിയത്. കോഴികളുടെ ബഹളം കേട്ട് നോക്കിയപ്പോഴാണ് പുലിയെ കണ്ടത്. കോഴിക്കൂട്ടിലെ വലയില്‍ കൈ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് പോലീസും വനംവകുപ്പും സ്ഥലത്തെത്തിയിരുന്നു.. വെറ്റിനറി സര്ജന് ഡോ. അരുണ്‍ സഖറിയ എത്തി പുലിയെ മയക്കുവെടിവെച്ച് പിടികൂടാനായിരുന്നു നീക്കം. മയക്കുവെടിവെച്ച ശേഷം മാറ്റാനുള്ള കൂട് സ്ഥലത്തെത്തിച്ചിരുന്നു. അതിനിടെയാണ് പുലി ചത്തത്.
പുലര്‍ച്ചെ മൂന്നോടെയാണ് പുലി ശ്രദ്ധയില്‍പ്പെട്ടത്. കോഴിക്കൂടിന് മുകളിലേക്ക് ചാടിയ പുലിയുടെ കൈ വലയില്‍ കുടുങ്ങുകയായിരുന്നു. കോഴിക്കൂടിന്റെ ഇരുമ്പ് വലയില്‍ പുലിയുടെ കൈ കുരുങ്ങിയ നിലയിലായിരുന്നു. നായയാണെന്ന് കരുതി അടുത്ത് ചെന്നുനോക്കിയ വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പ്രദേശത്ത് നേരത്തെ തന്നെ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തിരുന്നു.