രാജ്യത്തെ ബദൽ രാഷ്ട്രീയ മുന്നേറ്റത്തെ ദുർബലപ്പെടുത്താൻ ശ്രമം , എൻ കെ പ്രേമചന്ദ്രൻ

Advertisement

തിരുവനന്തപുരം : രാജ്യത്തെ ബദൽ രാഷ്ട്രീയ മുന്നേറ്റത്തെ ദുർബലപ്പെടുത്താനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ. കെ. പ്രേമചന്ദ്രൻ എം. പി. തകരുന്ന കേരളം തഴക്കുന്ന ഭരണവർഗ്ഗം എന്ന വിഷയത്തിൽ ആർ എസ് പി സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാനയിൽ ടി ആർ എസ് സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഡാലോചനയുടെ പരിണിത ഫലമാണ്. നിയമ ലഘനത്തെ സംരക്ഷിക്കുന്ന ഭരണ സംവിധാനമാണ് സംസ്ഥാനത്തുള്ളതെന്നും പാർട്ടിയുടെ ആധിപത്യമാണ് കേരളത്തിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർവ്വകലാശാലകളിൽ സർട്ടിഫിക്കറ്റ് ഒപ്പിടാൻ ആളില്ലാത്തപ്പോഴാണ് ആർത്തവ അവധി ചർച്ചയാക്കുന്നത് എന്ന് രാഷ്ട്രീയ നിരീക്ഷകൻ അഡ്വ. എ. ജയശങ്കർ പറഞ്ഞു. ഖജനാവിൽ പണമില്ലെങ്കിലും പരമമായ ധൂർത്താണ് സംസ്ഥാനത്ത് നടക്കുന്നതെന്നും ജയശങ്കർ പറഞ്ഞു. വ്യാജഇടതുപക്ഷമാണ് സംസ്ഥാനം ഭരിക്കുന്നതെന്ന് ചലച്ചിത്ര പ്രവർത്തകൻ ജോയ് മാത്യു അഭിപ്രായപ്പെട്ടു. ലോകത്തെ പുരോഗതിയിലേക്ക് നയിക്കുന്നതാണ് യഥാർത്ഥ ഇടതുപക്ഷം. തലതിരിഞ്ഞ ആശയങ്ങളും ചിന്താഗതികളുമാണ് സംസ്ഥാനത്ത് നടപ്പാക്കാൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആർ വൈ എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ അധ്യക്ഷനായ സെമിനാറിൽ ആർ എസ് പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ഷിബു ബേബിജോൺ, ആർ വൈ എഫ് സംസ്ഥാന സെക്രട്ടറി അഡ്വ വിഷ്ണു മോഹൻ, ഷിബു കോരാണി, എം. ആർ മഹേഷ്‌, കെ. ജയകുമാർ, ഇറവൂർ പ്രസന്നകുമാർ എന്നിവർ സംസാരിച്ചു.

Advertisement