തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടി സ്ഥാപകാംഗമായ പി.കൃഷ്ണപിള്ളയുടെ ജന്മശതാബ്ദിയുടെ ഭാഗമായി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നിൽ പ്രതിമ സ്ഥാപിക്കാൻ ജില്ലാ സെക്രട്ടേറിയറ്റിൽ വോട്ടെടുപ്പ് നടത്തേണ്ടി വന്നെന്നു സിപിഎം നേതാവും മുൻ എംഎൽഎയുമായ പിരപ്പൻകോട് മുരളി. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണു സെക്രട്ടേറിയറ്റിൽ തീരുമാനം നടപ്പാക്കിയതെന്നും അദ്ദേഹം ഒരു മാസികയിലെഴുതുന്ന ആത്മകഥയിൽ പറയുന്നു.
2006 ഓഗസ്റ്റ് 19നായിരുന്നു പി.കൃഷ്ണപിള്ളയുടെ ജന്മശതാബ്ദി. പിരപ്പൻകോട് മുരളിയായിരുന്നു സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി. പിണറായി പക്ഷം അവതരിപ്പിച്ച ആർ.പരമേശ്വരൻപിള്ളയെ 17നെതിരെ 25 വോട്ടുകൾക്കു പരാജയപ്പെടുത്തിയാണ് പിരപ്പൻകോട് ജില്ലാ സെക്രട്ടറിയായത്. ജില്ലാ സെക്രട്ടറിയായ തന്നോടു സഹകരിക്കാൻ എം.വിജയകുമാറും കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും തയാറായില്ല. ജില്ലാ സെക്രട്ടറിയായിട്ടും മുറിയുടെയും മേശയുടെയും താക്കോൽ വിജയകുമാർ നൽകിയില്ല. ജില്ലാ കമ്മിറ്റി ഓഫിസിന്റെ കാർ വിജയകുമാർ വില കൊടുത്തു വാങ്ങി.
പി.കൃഷ്ണപിള്ളയുടെ അർധകായ പ്രതിമ പാർട്ടി ഓഫിസിന്റെ മുൻവശത്തു സ്ഥാപിക്കുന്ന കാര്യം ജില്ലാ സെക്രട്ടേറിയറ്റിൽ അവതരിപ്പിച്ചപ്പോൾ സ്ഥിരം എതിർപ്പുകാരായ സഖാക്കൾ രംഗത്തെത്തി. കാട്ടായിക്കോണം ശ്രീധറെ താഴ്ത്തിക്കെട്ടാനുള്ള ഏർപ്പാടാണെന്ന് അവർ വാദിച്ചു. എന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാടു മൂലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിച്ചു. ഞാൻ ജില്ലാ സെക്രട്ടറിയാവുന്നതു തടയാൻ ആത്മസുഹൃത്തുക്കളായ കടകംപള്ളി സുരേന്ദ്രനും ആനാവൂർ നാഗപ്പനും മറ്റ് വിഎസ് വിരുദ്ധരും ചേർന്നു പരമാവധി ശ്രമിച്ചിരുന്നു.
മുൻഗാമിയായ ജില്ലാ സെക്രട്ടറി എം.വിജയകുമാർ, ഞാൻ അധികാരമേൽക്കുന്നത് തടയാൻ സെക്രട്ടറിയുടെ മുറി പൂട്ടി കുറെ നാൾ മുങ്ങി നടന്നു. ആനാവൂർ നാഗപ്പനും കൂട്ടരും പലതരം ഭീഷണികളും ഇറക്കി ജില്ലാ സെക്രട്ടറിയാകാതിരിക്കാൻ പല കളികളും കളിച്ചു– പിരപ്പൻകോട് മുരളി ആത്മകഥയിൽ വെളിപ്പെടുത്തുന്നു.