തിരുവനന്തപുരം: ∙ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചാണ് കെ.ആർ.നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്തുനിന്ന് വിഖ്യാത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണൻ രാജിവച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രശ്നങ്ങൾ പഠിക്കാൻ സർക്കാർ നിയമിച്ച അന്വേഷണ കമ്മിഷനെതിരെ ശക്തമായ വിമർശനം ഉന്നയിച്ച അടൂർ, സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷണം നടത്തിയാലേ വസ്തുതകൾ പുറത്തുവരൂ എന്നും വ്യക്തമാക്കി. വിദ്യാർഥി സമരം ആരംഭിച്ചപ്പോൾ ഉന്നത വിദ്യാഭ്യാസമന്ത്രിയടക്കമുള്ളവർ പ്രശ്ന പരിഹാരത്തിനായി കാര്യക്ഷമമായി ഇടപെട്ടില്ലെന്ന ആക്ഷേപമാണ് അടൂരിനെ പിന്തുണയ്ക്കുന്നവർക്ക് ഉള്ളത്.
ഡയറക്ടർ രാജിവച്ചതോടെ എട്ട് അധ്യാപകരും അക്കാദമിക് കൗൺസിലിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് സംവിധായകൻ ഗിരീഷ് കാസറവള്ളിയും രാജിവച്ചു. വിവാദങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചു. കുറ്റവാളികൾ ഗേറ്റ് കീപ്പറായാലും ശുചീകരണ തൊഴിലാളികളായാലും ജോലിക്കാരോ വിദ്യാർഥികളോ അധ്യാപകരോ ആയാലും അവരെ കണ്ടെത്തി തക്കശിക്ഷ നൽകിയാലേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം സുഗമമായി മുന്നോട്ടു പോകൂ എന്ന് അടൂർ ചൂണ്ടിക്കാട്ടുന്നു.
അടൂർ ഉന്നയിച്ച ആരോപണങ്ങൾ:
∙ തിരുവനന്തപുരത്ത് ചലച്ചിത്രമേള കാണാൻ വിദ്യാർഥികൾക്ക് മുറി ബുക്ക് ചെയ്തിരുന്നു. സമരത്തിലായിരുന്ന വിദ്യാർഥികൾ സിനിമയ്ക്കു പോകില്ലെന്ന ധാരണയിൽ മുറികൾ റദ്ദു ചെയ്തു. ആരെയും അറിയിക്കാതെ തലസ്ഥാനത്തെത്തിയ വിദ്യാർഥി നേതാക്കൾ തങ്ങളെ വഴിയാധാരമാക്കിയെന്ന് മാധ്യമങ്ങളെ അറിയിച്ചു.
∙ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗേറ്റ് കാവൽക്കാരൻ സ്ഥലത്തെ റൗഡിയും പൊലീസ് കേസുകളിലെ പ്രതിയും ധനികനുമാണ്. ഇയാൾക്ക് സമരത്തിൽ പങ്കുണ്ട്. മിലിട്ടറി ക്വാട്ടയിൽ കിട്ടുന്ന മദ്യം ക്യാംപസിലെത്തിച്ച് കച്ചവടം ചെയ്തിരുന്ന ഇയാൾക്ക് കാവൽ ജോലിയിൽനിന്നുള്ള മാറ്റത്തോടെ ഉണ്ടായ സാമ്പത്തിക നഷ്ടം ചെറുതല്ല. ഇയാളാണ് സ്ഥാപനത്തിലെ ശുചീകരണ തൊഴിലാളികളെ കൊണ്ട് കള്ളങ്ങൾ പറയിച്ച് വിഡിയോ തയാറാക്കിയത്.
∙ ഒരു ജോലിയും ചെയ്യാത്ത ആളാണ് പിആർഒ. എന്തെങ്കിലും ചുമതല ഏൽപ്പിച്ചാൽ ദീർഘകാല അവധിയെടുക്കും. ഇയാളാണ് വിഡിയോകൾ തയാറാക്കി പലയിടത്തും എത്തിച്ചത്.
∙ അധ്യാപകരിൽ രണ്ടുപേരും ഡെമോൺസ്ട്രേറ്ററും ക്ലർക്കും സ്റ്റോർ കീപ്പറുമാണ് സമരത്തിനു പിന്നിൽ.
∙ സർക്കാർ നിയോഗിച്ച അന്വേഷണ കമ്മിഷൻ തന്റെയോ ശങ്കർമോഹന്റെയോ ഭാഗം കേട്ടില്ല. ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനം മെച്ചപ്പെടുത്താൻ കമ്മിഷൻ ചില ശുപാർശകൾ നടത്തിയിട്ടുണ്ട്. അതിനുള്ള അറിവോ പരിചയമോ കമ്മിഷനില്ല. കമ്മിഷൻ അതിമിടുക്ക് എന്തിനാണു കാണിച്ചതെന്ന് അതിശയിച്ചു പോകുന്നു. റിപ്പോർട്ട് സ്ഥാപനത്തിന്റെ പ്രവർത്തനത്തെ ബാധിക്കുമെന്നു കമ്മിഷൻ ആലോചിച്ചില്ല.