തിരുവനന്തപുരം: വ്യാഴാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്ക്-പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്ര-ന്യൂനമർദത്തിന്റെ സ്വാധീനം കന്യാകുമാരി തീരം വരെ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ കേരള തീരത്തുനിന്ന് മത്സ്യബന്ധനത്തിനു പോയവർ ഇന്നുതന്നെ തിരിച്ച് സുരക്ഷിത തീരത്തേക്ക് മടങ്ങണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു.
ഫെബ്രുവരി നാല് വരെ ന്യൂനമർദ സ്വാധീനഫലമായി അതിശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്ന കന്യാകുമാരി തീരം, ഗൾഫ് ഓഫ് മന്നാർ, തമിഴ്നാട് തീരം, തെക്ക്–പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നീ സമുദ്ര ഭാഗങ്ങളിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വീശിയടിച്ചേക്കാവുന്ന അതിശക്തമായ കാറ്റിനുള്ള മുന്നറിയിപ്പാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്.