മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്ന കൂട്ടുകാരി; ഭാവനക്കൊപ്പമുള്ള ചിത്രങ്ങൾ പങ്ക് വെച്ച് ചന്തുനാഥ്

Advertisement

മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ തിരഞ്ഞെടുക്കുന്ന കൂട്ടുകാരി; ഭാവനക്കൊപ്പമുള്ള ചിത്രങ്ങളുമായി ചന്തുനാഥ്.
ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാകുകയാണ് നടി ഭാവന. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്‌റഫ് സംവിധാനം ചെയ്യുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’, ഷാജി കൈലാസ് ചിത്രം ‘ഹണ്ട്’ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന ഭാവന ചിത്രങ്ങള്‍.
‘ഹണ്ടി’ന്റെ ലൊക്കേഷനില്‍ ഭാവനയ്ക്ക് ഒപ്പമുള്ള ഏതാനും ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് സഹതാരമായ ചന്തുനാഥ്. “ഒരു മനുഷ്യന് പ്രകടിപ്പിക്കാന്‍ കഴിയുന്ന ഏറ്റവും ധീരമായ കാര്യം അവന്റെ/അവളുടെ ചിരി ആണ്. ഈ പ്രിയപ്പെട്ട ഭാവനക്കൊപ്പം ജോലി ചെയ്യുന്നത് വളരെ രസകരമായിരുന്നു. മനുഷ്യരേക്കാള്‍ വളര്‍ത്തുമൃഗങ്ങളെ ശക്തമായി തിരഞ്ഞെടുക്കുമെങ്കിലും, അവളുടെ ഹൃദയം മനുഷ്യത്വം നിറഞ്ഞതാണ്,” ചന്തുനാഥ് കുറിച്ചു.
അഞ്ചുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടി ഭാവന മലയാളസിനിമയിലേക്കു തിരിച്ചെത്തുന്നത്. വിവാഹശേഷം മലയാള സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നുവെങ്കിലും കന്നഡ സിനിമയില്‍ താരം സജീവമായിരുന്നു. ഇന്‍സ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയില്‍.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളില്‍ ഭാവന അഭിനയിച്ചിരുന്നു.
അധ്യാപക ജോലിയും തിയേറ്റര്‍ പ്രവര്‍ത്തനവുമൊക്കെയായി നടക്കുന്നതിനിടയിലാണ് ചന്തുനാഥ് സിനിമയുടെ ലോകത്തേക്ക് എത്തുന്നത്. ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു ചന്തുനാഥിന്റെ അരങ്ങേറ്റം. ‘പതിനെട്ടാം പടി’യാണ് ചന്തുനാഥിനെ പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതനാക്കിയത്. മാലിക്ക്, 21 ഗ്രാംസ്, ഡിവോഴ്സ്, ത്രയം, ട്വല്‍ത്ത് മാന്‍, സിബിഐ 5 എന്നീ ചിത്രങ്ങളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. റിലീസിനൊരുങ്ങുന്ന റാം, മഹേഷും മാരുതിയും എന്നീ ചിത്രങ്ങളിലും ചന്തുനാഥ് ഉണ്ട്.

Advertisement