പ്രബന്ധത്തിലെ ‘പിഴവ്’, ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ട് ചിന്ത; തലയിൽ കൈവച്ച് അനുഗ്രഹിച്ച് മകൾ!

Advertisement

പ്രബന്ധത്തിലെ ‘പിഴവ്’, ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ട് ചിന്ത; തലയിൽ കൈവച്ച് അനുഗ്രഹിച്ച് മകൾ!

കൊച്ചി: ഗവേഷണ പ്രബന്ധത്തിലെ പിഴവിൽ വിശദീകരണവുമായി യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം ചങ്ങമ്പുഴയുടെ കുടുംബാംഗങ്ങളെ വീട്ടിലെത്തി കണ്ടു. ചങ്ങമ്പുഴയുടെ മകൾ ലളിതയെയാണ് ചിന്ത ജെറോം എറണാകുളത്ത് എത്തി കണ്ടത്. മനഃപൂർവ്വം സംഭവിച്ച തെറ്റല്ലെന്നും സാന്ദർഭികമായി സംഭവിച്ച പിഴവാണെന്നുമാണ് ചിന്ത കുടുംബാംഗങ്ങളെ അറിയിച്ചത്.

വിഖ്യാതമായ വാഴക്കുല എന്ന കവിത എഴുതിയത് വൈലോപ്പിള്ളി ആണെന്നായിരുന്നു ചിന്ത ജെറോം തന്‍റെ ഗവേഷണ പ്രബന്ധത്തിൽ എഴുതിയത്. പ്രബന്ധത്തിലെ ഈ ഗുരുതര പിഴവ് വിവാദമായതോടെ സാന്ദർഭികമായി സംഭവിച്ച തെറ്റാണെന്ന് ഇന്നലെ ചിന്ത വ്യക്തമാക്കിയിരുന്നു. വാഴക്കുല വൈലോപ്പിള്ളിയുടേതെന്ന തന്റെ പ്രബന്ധത്തിലെ പരാമർശം നോട്ടപ്പിഴവാണെന്നാണ് ചിന്ത ഇന്നലെ വിവരിച്ചത്. പ്രബന്ധത്തിലെ ഒരു വരിപോലും കോപ്പിയടിച്ചിട്ടില്ലെന്നും യുവജന കമ്മീഷൻ അധ്യക്ഷ ഇടുക്കിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. സാന്ദർഭികമായി ഉണ്ടായ പിഴവാണ് സംഭവിച്ചതെന്നും മനുഷ്യ സഹജമായ തെറ്റായിരുന്നു അതെന്നും അവർ പറ‌ഞ്ഞിരുന്നു. പക്ഷേ ചെറിയൊരു പിഴവിനെ പർവതീകരിച്ച് പ്രചരിപ്പിക്കുന്ന സ്ഥിതിയുണ്ടായെന്നും അതിന്‍റെ പേരിൽ സ്ത്രീ വിരുദ്ധമായ പരാമർശം വരെ തനിക്കെതിരെ ഉണ്ടായെന്നും ചിന്ത കൂട്ടിച്ചേർത്തിരുന്നു.

വർഷങ്ങൾ കഷ്ടപ്പെട്ട് ചെയ്തത് കോപ്പിയടിയെന്ന് പ്രചരിപ്പിക്കേണ്ടിയിരുന്നോയെന്ന് എല്ലാവരും ആലോചിക്കണമെന്നും യുവജന കമ്മീഷൻ അധ്യക്ഷ ഇന്നലെ ചോദിച്ചു. ആശയങ്ങൾ ഉൾക്കൊണ്ടിട്ടുണ്ടെന്നും പക്ഷേ ഒരു വരി പോലും കോപ്പി അടിച്ചിട്ടില്ലെന്നും ചിന്താ ജെറോം വിശദീകരിക്കുകയും ചെയ്തിരുന്നു. വിമർശനം തുറന്ന മനസ്സോടെ സ്വീകരിക്കുകയാണെന്നും ചൂണ്ടിക്കാണിച്ച പിഴവ് പുസ്തകരൂപത്തിലാക്കുമ്പോൾ തിരുത്തുമെന്നും അവർ വ്യക്തമാക്കുകയും ചെയ്തു. പിന്തുണയും കരുത്തും ആയി നിന്നിട്ടുള്ള ആളുകളെന്ന നിലയിലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് പ്രബന്ധത്തിൽ നന്ദി ഉൾപ്പെടുത്തിയതെന്നും ചിന്ത വിശദീകരിച്ചിരുന്നു.

അതേസമയം ചിന്തയുടെ ഗവേഷണ പ്രബന്ധവുമായി ബന്ധപ്പെട്ട വിവാദത്തിൽ കേരള സർവകലാശാല അന്വേഷണ നടപടി തുടങ്ങിയിട്ടുണ്ട്. ഗൈഡിന്റെ വിശദീകരണം തേടാൻ വിസി രജിസ്ട്രാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഓപ്പൺ ഡിഫൻസിന്റെ വിവരങ്ങളും നല്‍കാനാണ് നിർദേശം. വിഷയത്തില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റിപ്പോർട്ട് തേടിയതിന് പിന്നാലെയാണ് നടപടി.