കൊല്ലം. വിദ്യാഭ്യാസത്തിൻ്റെ ഗുണമേന്മയിൽ കേന്ദ്ര സർക്കാരിൻ്റെ പ്രതിബദ്ധത പ്രകടമാകുന്നതാണ് ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റ് എന്ന് ദേശീയ അദ്ധ്യാപക പരിഷത്ത് (എൻടിയു)ചൂണ്ടിക്കാട്ടി
മുൻ വർഷത്തേക്കാൾ 8.27% വർദ്ധനവോടെ 112898.97 കോടി രൂപയാണ് ബജറ്റിൽ വിദ്യാഭ്യാസത്തിന് വകയിരുത്തിയത്.
ഒരു ലക്ഷം കോടിക്ക് മുകളിൽ വിദ്യാഭ്യാസത്തിന് നിക്ഷേപം നിർദേശിക്കുന്ന തുടർച്ചയായ രണ്ടാമത്തെ ബജറ്റാണിത്.
ഒരു പക്ഷേ, അദ്ധ്യാപക പരിശീലനത്തെപ്പറ്റി പ്രതിപാദിക്കുന്ന ആദ്യ ബജറ്റെന്ന സവിശേഷതയും ഇത്തവണത്തെേ കേന്ദ്ര ബജറ്റിനവകാശപ്പെട്ടതായിരിക്കുമെന്ന് സംസ്ഥാന പ്രസിഡന്‍റ് പി എസ് ഗോപകുമാർ പറഞ്ഞു
സ്കൂൾ വിദ്യാഭ്യാസ മേഖലയ്ക്ക് 5535.48 കോടിയുടെയും (8.4%) ഉന്നത വിദ്യാഭ്യാസത്തിന് 3266.27 കോടിയുടെയും (8%) വർദ്ധനവാണ് ഇത്തവണത്തെ ബജറ്റ് നിർദേശം.
രാജ്യത്തെ ഏറ്റവും വലിയ സ്കൂൾ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര ശിക്ഷാ അഭിയാന് (എസ് എസ് എ) 37883 കോടി രൂപയാണ് ബജറ്റിൽ നീക്കിവച്ചിട്ടുള്ളത്.
740 ഏകലവ്യ വിദ്യാലയങ്ങൾ സ്ഥാപിക്കുവാനും 38800 അദ്ധ്യാപകരെ നിയമിക്കുവാനുള്ള നിർദേശം സാധാരണക്കാരനിലേക്കും എത്തിച്ചേരാനുള്ള കേന്ദ്ര സർക്കാരിൻ്റെ ലക്ഷ്യം മുൻനിർത്തിയുള്ളതാണ്.
പി എം പോഷൺ പദ്ധതിയുടെ വിഹിതം വർദ്ധിപ്പിക്കാനുള്ള നിർദേശവും സ്വാഗതാർഹമാണ്.
കുട്ടികൾക്കും കൗമാരക്കാർക്കുമായി ഡിജിറ്റൽ ലൈബ്രറി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും പഞ്ചായത്ത് – വാർഡ് തലങ്ങളിൽ വായനശാലകൾ സ്ഥാപിക്കാനുള്ള നിർദേശവും പുതിയ ഒരു വായന സംസ്കാരത്തിന് വഴിയൊരുക്കുന്നതാണ്.
ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിട്യൂട്ടുകളെ (ഡയറ്റ്) ‘ഊർജസ്വലമായ മികവിൻ്റെ കേന്ദ്രങ്ങൾ’ ആക്കുമെന്ന പ്രഖ്യാപനം വളരെ പ്രതീക്ഷയേകുന്നതാണ്.
ആദായനികുതി പരിധി ഏഴ് ലക്ഷമാക്കിയ ബജറ്റ്നിർദേശം അദ്ധ്യാപകർക്ക് ആശ്വാസമേകുന്നതാണ് എന്നും ഗോപകുമാര്‍ വിലയിരുത്തി.