കോഴിക്കോട്. മേപ്പയ്യൂരിൽ ഏഴുമാസം മുമ്പ് കാണാതായ ദീപക്കിനെ ഗോവയിൽ നിന്ന് വടകര ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ചു.സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പന്തിരിക്കര സ്വദേശി ഇർഷാദിന്റെ മൃതദേഹം ദീപകിന്റേതെന്ന് തെറ്റിദ്ധരിച്ച് ബന്ധുക്കൾ സംസ്കരിച്ചിരുന്നു. കൊല്ലപ്പെട്ട ഇർഷാദിനെ കുറിച്ച് ഒന്നും അറിയില്ലെന്ന് ദീപക് വടകര ജില്ല ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന ദീപക്കിനെ കഴിഞ്ഞ വർഷം ജൂണ്‍ ആറിനാണ് നാട്ടില്‍ നിന്നും കാണാതായത്. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീര്‍ണ്ണിച്ച മൃതദേഹത്തിന് ദീപകിന്‍റെ രൂപസാദൃശ്യം തോന്നിയാണ് ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്കരിച്ചത്.ഡിഎന്‍എ പരിശോധനക്ക് വേണ്ടി പൊലീസ് മൃതദേഹത്തില്‍ നിന്ന് സാംപിള്‍ ശേഖരിച്ചിരുന്നു.ഡിഎൻഎ പരിശോധനയിൽ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇർഷാദിന്റെതെന്ന് തിരിച്ചറിഞ്ഞു. ഇതോടെ ദീപക്കിന്റെ അമ്മ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.ദീപക് ഗോവയിൽ നിന്ന് അമ്മയെ ഫോണിൽ ബന്ധപ്പെട്ടതാണ് അന്വേഷണത്തിൽ നിർണായകമായത്.
ഇന്നലെ ഗോവയിലെത്തിയ ക്രൈംബ്രാഞ്ച് സംഘം ദീപക്കിനെ നാട്ടിലെത്തിക്കുകയായിരുന്നു.തന്റെ ഫോൺ ഗോവയിൽ വെച്ച് നഷ്ടപ്പെട്ടു എന്നാണ് ദീപക് പോലീസിനോട് പറഞ്ഞത്. ഇതിന് മുമ്പെ നാടുവിട്ടതുപോലെ പോയതാണെന്നും ദീപക് മൊഴി നൽകി.
ഇർഷാദ് കൊലക്കേസുമായി ബന്ധപ്പെട്ട് യാതൊന്നും മൊഴിയിൽ ഇല്ല .ദീപക്കിനെ നാളെ വീഡിയോ കോൺഫറൻസ്
വഴി ഹൈക്കോടതി മുൻപാകെ ഹാജരാക്കും
അതുവരെ ക്രൈം ബ്രാഞ്ചിൻ്റെ കരുതൽ കസ്റ്റഡിയിൽ തുടരും. വടകര ക്രൈംബ്രാഞ്ച് ഓഫിസിലെത്തിച്ച ദീപക്കിനെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞു.