തിരുവനന്തപുരം: കേരളത്തിൽനിന്നുള്ള ഭൂരിപക്ഷം എംപിമാരും വികസനം മുടക്കാൻ വേണ്ടി നിലകൊള്ളുന്നവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം വികസന പദ്ധതികൾ മുന്നോട്ടുവച്ചാൽ പാർലമെന്റിൽ അതിനുവേണ്ടിയല്ല, അതു മുടക്കാൻവേണ്ടി ശബ്ദമുയർത്താൻ മാത്രമാണു കേരളത്തിൽനിന്നുള്ള ഭൂരിപക്ഷം എംപിമാരും നിൽക്കുന്നത്. ഇതു കേരളത്തിൻറെ ദൗർഭാഗ്യമാണ്. ഗവർണറുടെ പ്രസംഗത്തിനുനന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിൻമേലുള്ള ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിൻറെ വഴി ഒന്നൊന്നായി കേന്ദ്രം മുടക്കിയപ്പോൾ ഇവിടെനിന്നു ലോകസഭയ്ക്കു പോയ 18 യുഡിഎഫ് എംപിമാർ എന്താണു ചെയ്തതെന്നു മുഖ്യമന്ത്രി ചോദിച്ചു. ഈ ചോദ്യം മുൻനിർത്തി യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യാൻ പോവുന്ന ഘട്ടമാണു വരാനിരിക്കുന്ന പാർലമെൻറ് തിരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ തങ്ങളെ ചിലതു പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു ജയിച്ചുപോയവർ ചെയ്ത കാര്യങ്ങൾ ഓരോന്നും മുൻനിർത്തി ജനങ്ങൾ ചോദ്യങ്ങളുയർത്തും. ഓരോന്നിനും ഉത്തരം പറയിക്കും. ആ ജനരോഷക്കൊടുങ്കാറ്റിൽ കരിയില പോലെ യുഡിഎഫ് പറന്നുപോകുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പു നൽകി.
കേരളത്തിനു വേണ്ടി കേന്ദ്രത്തിൽ വാദിക്കാൻ യുഡിഎഫിന്റെ 18 പ്രതിനിധികൾ തയാറല്ല. കേരളത്തിന് എന്തെങ്കിലും കിട്ടുമെങ്കിൽ അതു മുടക്കുന്നതിലാണ് യുഡിഎഫിനു താൽപര്യം. മുടക്കു നിവേദനങ്ങളുമായി എത്തുന്ന കോൺഗ്രസും, മുടക്കു നിവേദനങ്ങൾ സ്വീകരിച്ച് അംഗീകരിക്കുന്ന കേന്ദ്ര ബിജെപി ഭരണവും തമ്മിലാണ് അവിശുദ്ധ ബന്ധമുള്ളത്. കോ-ലീ-ബി സഖ്യത്തിന് പഴയകാലം മുതൽക്കുള്ള ചരിത്രം തന്നെ സ്വന്തമായുണ്ട്. അതു മറയ്ക്കാൻ നിങ്ങളുടെ ചെയ്തികളെ ഞങ്ങളുടെ തലയിൽ വച്ചുകെട്ടാമെന്നു കരുതേണ്ട. യുഡിഎഫ് കേരളവിരുദ്ധമായി ചെയ്യുന്നതിനൊക്കെ വരുന്ന ലോകസഭാ തിരഞ്ഞെടുപ്പിൽ ജനം എണ്ണിയെണ്ണി മറുപടി പറയിക്കും. യുഡിഎഫിനെ തിരഞ്ഞെടുത്തയച്ചു എന്ന കുറ്റത്തിന് എന്തിനിങ്ങനെ കേരളത്തെ ശിക്ഷിച്ചു എന്ന ചോദ്യം മുൻനിർത്തി നിങ്ങളെ കേരളജനത വിചാരണ ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് ഘടകകക്ഷിയായ മുസ്‍ലിം ലീഗ് ഉടൻ മുന്നണി വിട്ടുവരുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിങ്ങളുടെ മുന്നണിയിലെ പ്രശ്നങ്ങൾ നിങ്ങൾ തന്നെ തീർത്തോളൂ. അതിനിടയിൽ ഇടതുമുന്നണിയെ പള്ളുപറയുന്നത് എന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.