കോൺഗ്രസും ബിജെപിയും കൈകോർത്തു; മുതലമടയിൽ സിപിഎമ്മിന് ഭരണം നഷ്ടമായി

Advertisement

പാലക്കാട്: മുതലമട ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിനു ഭരണം നഷ്ടപ്പെട്ടു. ഭരണസമിതിക്കെതിരെ 2 സ്വതന്ത്രാംഗങ്ങൾ അവതരിപ്പിച്ച അവിശ്വാസം പാസായതാണു സിപിഎമ്മിനു തിരിച്ചടിയായത്. 8 സിപിഎം പ്രതിനിധികൾ അവിശ്വാസത്തെ എതിർത്തപ്പോൾ, 2 സ്വതന്ത്രരും കോൺഗ്രസിന്റെ 6 അംഗങ്ങളും ബിജെപിയുടെ 3 അംഗങ്ങളും പിന്തുണച്ചു.

20 അംഗ പഞ്ചായത്തിൽ, സർക്കാർ ജോലി കിട്ടിയതിനെ തുടർന്ന് ഒരു സിപിഎം അംഗം രാജിവച്ചിരുന്നു. നിലവിൽ 19 അംഗങ്ങളാണുള്ളത്. അധ്യക്ഷ കെ.ബേബിസുധയ്ക്കെതിരെ പി.കൽപനാദേവിയും ഉപാധ്യക്ഷൻ ആർ.അലൈരാജനെതിരെ എം.താജുദ്ദീനുമാണ് അവിശ്വാസത്തിനു നോട്ടിസ് നൽകിയത്.

വിട്ടുനിൽക്കണമെന്ന വിപ്പ് ലംഘിച്ച് വോട്ടെടുപ്പിൽ പങ്കെടുത്ത അംഗങ്ങളുടെ പ്രാഥമികാംഗത്വം ബിജെപി സസ്പെൻഡ് ചെയ്തു. കെ.ജി.പ്രദീപ് കുമാർ, കെ.സതീഷ്, സി.രാധ എന്നിവർക്കെതിരെയാണു നടപടി. 3 പേരെയും പാർട്ടി ചുമതലകളിൽനിന്ന് ഒഴിവാക്കി. കൊല്ലങ്കോട് മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടതായും ബിജെപി ജില്ലാ അധ്യക്ഷൻ കെ.എം.ഹരിദാസ് അറിയിച്ചു.

Advertisement