പ്രത്യേക ലേഖകന്‍
അടുത്തിടെ ഡോ. സുരേഷ്മാധവ് എഴുതിയ രണ്ടു ലേഖനങ്ങളിലൂടെയാണ് സദാനന്ദസ്വാമിയുടെ ജീവിതം, തെളിവുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത്
സദാനന്ദസ്വാമികൾ 1924ൽ സമാധി പ്രാപിക്കുമ്പോൾ വയസ്സ് നാൽപത്തിയേഴു മാത്രം.1899ൽ അധസ്ഥിതസമുദായത്തിലെ കുഞ്ഞുങ്ങളെ സ്നാനം നടത്തി വേദമന്ത്രങ്ങൾ ചൊല്ലിച്ചുകൊണ്ടു തുടങ്ങിയ “വേദവിപ്ലവം”, മുതൽ നിരവധി നവോത്ഥാന സംഭവങ്ങളിലൂടെ മുന്നേറി 1924ൽ അവസാനിച്ച ജീവിതം ലോകജനതയ്ക്കുള്ള ഒരു വലിയ പാഠപുസ്തകമായിരുന്നു. സദാനന്ദസ്വാമിയുടെ വിപ്ലവജീവിതത്തെ തമസ്കരിച്ചു കളഞ്ഞ ചരിത്രവ്യാഖ്യാതാക്കൾ, ഒരു തരത്തിൽ യഥാർത്ഥ നവോത്‌ഥാന ചരിത്രത്തെ അട്ടിമറിയിക്കുകയായിരുന്നു. അടുത്തിടെ ഡോ. സുരേഷ്മാധവ് എഴുതിയ രണ്ടു ലേഖനങ്ങളിലൂടെയാണ് സദാനന്ദസ്വാമിയുടെ ജീവിതം, തെളിവുകളിലൂടെ അനാവരണം ചെയ്യപ്പെട്ടത്.
കേരളത്തിലാദ്യമായി, ദലിതർക്കു വേണ്ടി പൊതുജനസമക്ഷം ഘോഷയാത്രാസമ്മേളനത്തോട് കൂടി ഒരു ക്ഷേത്രം സ്ഥാപിച്ചത് സദാനന്ദസ്വാമിയാണ്.1906ഏപ്രിൽ 14നു വിഷുദിനത്തിലാണ് തിരുവനന്തപുരം പാച്ചല്ലൂരിൽ മഹാകാളഹസ്തീശ്വരാലയം ക്ഷേത്രം സദാനന്ദസ്വാമി സ്ഥാപിച്ചത്. അന്നേ ദിവസം തന്നെ ഒരു ദളിത് യുവാവിന് “പരമശിവൻ “എന്ന പേര് നൽകി അവിടുത്തെ പൂജാരിയായി നിയമിക്കുകയും ചെയ്തു. കീഴാളജനതയ്ക്കായി സ്കൂളുകളും നെയ്ത്തുശാലകളും ക്ഷേത്രങ്ങളും സ്ഥാപിച്ച അദ്ദേഹം “അടിയാളരുടെ വേദഗുരു “എന്നറിയപ്പെട്ടു.
താഴ്ത്തപെട്ടവരുടെ ഉയർച്ച, പന്തിരുകുലം ഉത്പത്തി തുടങ്ങിയ നിരവധി കൃതികൾ അദ്ദേഹം രചിച്ചു.കേരളത്തിനു വേണ്ടി നിരവധി ആശയങ്ങൾ രൂപപ്പെടുത്തിയ വേദഗുരുവിന്റെ രണ്ടു പ്രസംഗങ്ങളും സദുപദേശങ്ങളും പാച്ചല്ലൂർ ക്ഷേത്രപ്രതിഷ്ഠാ റിപ്പോർട്ടും ഉൾപ്പെടുന്ന പുസ്തകമാണ്. “ജീവിതപദ്ധതി “. അവധൂതാശ്രമം ബുക്സ് പ്രസിദ്ധീകരിക്കുന്ന ജീവിതപദ്ധതിയുടെ സമ്പാദനവും പഠനവും നിർവഹിക്കുന്നത് ഡോ. സുരേഷ് മാധവാണ്. പ്രമുഖ ചരിത്രകാരൻ കുന്നുകുഴി. എസ് മണിയുടേതാണ് അവതാരിക.കൊട്ടാരക്കര സദാനന്ദപുരം അവധൂതാശ്രമത്തിൽ 2023ഫെബ്രുവരി 5നു നടക്കുന്ന സമ്മേളനത്തിൽ വെച്ച് കെ. ബി ഗണേഷ്കുമാർ എം എൽ എ പുസ്തകപ്രകാശനം നിർവഹിക്കുന്നു. ആർ. സഹദേവൻ പുസ്തകം സ്വീകരിക്കും. പ്രമുഖ സന്യാസിവര്യന്മാരും വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കും