കോഴിക്കോട്:പേര് അഷറഫ് എന്നാണോ, കോഴിക്കോട് ബീച്ചില്‍പോയിരുന്നോ മലയാളികളായ രണ്ടായിരത്തി അഞ്ഞൂറിലേറെ അഷറഫുമാരാണ് ബീച്ചില്‍ അണിനിരന്ന് ലോക റെക്കോര്‍ഡ് നേടിയത്. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ‘ലാര്‍ജസറ്റ് സെയിം നെയിം ഗാദറിംഗ് ‘കാറ്റഗറിയുടെ യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡാണ് 2537 അഷ്‌റഫുമാരെ അണിനിരത്തിക്കൊണ്ട് അഷ്‌റഫ് കൂട്ടായ്മ കരസ്ഥമാക്കിയത്.
കേരളത്തിലെ അഷ്‌റഫുമാര്‍ ബീച്ചില്‍ ഒരുക്കിയ ‘അഷറഫ്’ എന്നെഴുതിയ നെയിം ബോര്‍ഡില്‍ അണിനിരന്നത് കൗതുകമുണര്‍ത്തുന്നതായിരുന്നു. ഒരേ പേരിലുള്ള ഏറ്റവും കൂടുതല്‍ ആളുകള്‍ ഒരുമിച്ചതിന്റെ റെക്കോര്‍ഡ് നിലവില്‍ റഷ്യക്കാരുടെ പേരിലാണ്. കുബോസ്‌കി എന്ന പേരിലുള്ള 2325 പേരാണ് അതില്‍ പങ്കെടുത്തത്. ഇവരുടെ റെക്കോര്‍ഡാണ് അഷ്‌റഫ് കൂട്ടായ്മ തകര്‍ത്തത്. ലഹരിമുക്ത കേരളം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നടത്തിയ സംസ്ഥാന മഹാസംഗമം തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് മൊവ്വല്‍ അദ്ധ്യക്ഷത വഹിച്ചു. മനരിക്കല്‍ അഷ്‌റഫ് ,പത്തറക്കല്‍ അഷ്‌റഫ് ,ഐ.പി അഷ്‌റഫ് ,വലിയാട്ട് അഷ്‌റഫ് ,താണിക്കല്‍ അഷ്‌റഫ് എന്നിവര്‍ പ്രസംഗിച്ചു.
യു.ആര്‍.എഫ് വേള്‍ഡ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ചീഫ് എഡിറ്റര്‍ ഗിന്നസ് സുനില്‍ ജോസഫ്, ജൂറി ഹെഡ് ഗിന്നസ് സത്താര്‍ ആദൂര്‍ എന്നിവര്‍ ചേര്‍ന്ന് സമ്മാനിച്ചു.വിന്നര്‍ ഷെരീഫ്, അനീഷ് സെബാസ്റ്റ്യന്‍, എന്നിവര്‍ നിരീക്ഷകരായിരുന്നു. 2018 ല്‍ തിരൂരങ്ങാടിയില്‍ അഷ്‌റഫ് എന്ന പേരിലുള്ള അഞ്ച് സുഹൃത്തുക്കള്‍ കൂടി ആരംഭിച്ച അഷ്‌റഫ് കൂട്ടായ്മ വെറും നാലു വര്‍ഷംകൊണ്ടാണ് എല്ലാ ജില്ലകളിലും നിയോജക മണ്ഡലങ്ങളിലും കമ്മിറ്റികള്‍ ഉണ്ടാക്കിയത്. ഇതിനിടെ നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അഷ്‌റഫ് കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.