തിരുവനന്തപുരം: പതിനാറുകാരനെ പീഡിപ്പിച്ച കേസില്‍ ട്രാന്‍സ്‌ജെന്‍ഡറായ പ്രതിക്ക് ഏഴുവര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ശിക്ഷ. ചിറയിന്‍കീഴ് സ്വദേശി സന്‍ജു സാംസണെ(34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടുതല്‍ തടവ് അനുഭവിക്കണം. പോക്‌സോ കേസില്‍ കേരളത്തില്‍ ആദ്യമായാണ് ഒരു ട്രാന്‍സ്‌ജെന്‍ഡറെ ശിക്ഷിക്കുന്നത്.
2016 ഫെബ്രുവരി 23-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ചിറയന്‍കീഴില്‍ നിന്ന് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ആണ്‍കുട്ടിയെ യാത്രയ്ക്കിടെയാണ് പ്രതി പരിചയപ്പെട്ടത്. തുടര്‍ന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി തമ്പാനൂരിലെ കംഫര്‍ട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയും ഇവിടെവെച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയുമായിരുന്നെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
ഭയംകാരണം സംഭവത്തെക്കുറിച്ച് കുട്ടി വീട്ടുകാരോട് പറഞ്ഞിരുന്നില്ല. പ്രതി വീണ്ടും കുട്ടിയെ ഫോണില്‍ വിളിച്ച് നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടെങ്കിലും 16-കാരന്‍ ഇതിന് തയ്യാറായില്ല. കുട്ടി നിരന്തരം ഫോണില്‍ സന്ദേശം അയക്കുന്നതും ഫോണില്‍ സംസാരിച്ച് ഭയപ്പെട്ടിരിക്കുന്നതും അമ്മ ശ്രദ്ധിച്ചിരുന്നു. പ്രതിയുടെ നമ്പര്‍ കുട്ടി ഫോണില്‍ ബ്ലോക്ക് ചെയ്‌തെങ്കിലും ഫെയ്‌സ്ബുക്ക് മെസഞ്ചറിലൂടെ പ്രതി സന്ദേശങ്ങള്‍ അയക്കുന്നത് തുടര്‍ന്നു.
ഇതിനിടെ കുട്ടിയുടെ ഫെയ്‌സ്ബുക്കിലെ സന്ദേശങ്ങള്‍ അമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു. സംശയം തോന്നിയ അമ്മ മെസഞ്ചറിലൂടെ പ്രതിക്ക് മറുപടി അയച്ചതോടെയാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് കാര്യം തിരക്കിയപ്പോള്‍ കുട്ടിയും പീഡനവിവരം തുറന്നുപറഞ്ഞു. ഇതിനുപിന്നാലെ അമ്മ തമ്പാനൂര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസിന്റെ നിര്‍ദേശപ്രകാരം അമ്മതന്നെ തന്ത്രപൂര്‍വം സന്ദേശം അയച്ച് പ്രതിയെ തമ്പാനൂരിലേക്ക് വിളിച്ചുവരുത്തുകയും പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
സംഭവസമയം പ്രതി പുരുഷനായിരുന്നു. വിചാരണ വേളയില്‍ ട്രാന്‍സ്‌ജെന്‍ഡറായി മാറി. എന്നാല്‍ സംഭവസമയത്തും താന്‍ ട്രാന്‍സ്‌ജെന്‍ഡറായിരുന്നെന്നും ഷെഫിന്‍ എന്നായിരുന്നു തന്റെ പേരെന്നും പ്രതി വാദിച്ചിരുന്നു. പക്ഷേ, കേസെടുത്തതിന് പിന്നാലെ പോലീസ് പ്രതിയെ ലൈംഗികശേഷി പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
തമ്പാനൂര്‍ എസ്.ഐ.യായിരുന്ന എസ്.പി. പ്രകാശാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണയ്ക്കിടെ ഏഴ് സാക്ഷികളെ വിസ്തരിച്ചു. 12 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഭിഭാഷകരായ എം.മുബീന, ആര്‍.വൈ.അഖിലേഷ് എന്നിവര്‍ ഹാജരായി.