തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഉമ്മൻ ചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന കുടുംബത്തിനെതിരായ ആരോപണങ്ങൾക്കിടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നതെന്നാണ് വിവരം.
അതിനിടെ, മുതിർന്ന കോൺഗ്രസ് നേതാക്കളായ എ.കെ.ആന്റണിയും എം.എം.ഹസ്സനും ഇന്ന് ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചിരുന്നു.
ഉമ്മൻ ചാണ്ടിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകുന്നില്ലെന്ന് ആരോപിച്ച് അദ്ദേഹത്തിന്റെ സഹോദരൻ അലക്സ് വി. ചാണ്ടി രംഗത്തെത്തിയിരുന്നു. അതേസമയം, ചികിത്സയുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങൾ ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ കുടുംബവും സാമൂഹിക മാധ്യമങ്ങളിലൂടെ നിഷേധിച്ചിട്ടുണ്ട്.
ഉമ്മൻചാണ്ടിക്ക് തുടർ ചികിത്സ ലഭ്യമാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട അലക്സ് വി. ചാണ്ടിയും മറ്റു ചില കുടുംബാംഗങ്ങളും മുഖ്യമന്ത്രി പിണറായി വിജയന് കത്തയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു ഉമ്മൻചാണ്ടി ഉണ്ടായിരുന്നത്.