കാസര്‍കോഡ്.തുളുനാടൻ ഗ്രാമങ്ങളിൽ കൊറഗജ്ജ തെയ്യത്തിന്‍റെ വരവാണിനി… സാധാരണ നമ്മള്‍ കണ്ടും കേട്ടും പരിചയിച്ച തെയ്യങ്ങളില്‍നിന്നും ഏറെ വ്യത്യസ്തമാണ് കൊറഗജ, ചമയം മുതൽ ചടങ്ങുകളിൽ വരെ വേറിട്ടുനിൽക്കുന്ന കൊറഗജ്ജയെ, തുളുനാടൻ ഭൂതകാലത്തിന്‍റെ പ്രതിഫലനമായാണ് സങ്കൽപ്പിക്കുന്നത്
മുഖത്ത് കറുത്ത ചായം.. തലയിലും കൈകളിലും നാഗങ്ങൾ… കാലിൽ ചിലങ്ക.. കെട്ടിയാടുന്ന കൊറഗജ്ജ തെയ്യങ്ങൾ വ്യത്യസ്തമായ കാഴ്ച്ചാ അനുഭവമാണ്..
‘ഞാൻ കൊണ്ടുവന്ന കുരുത്തോലയ്ക്കും, ഇളനീരിനും അയിത്തമില്ല. പിന്നെ എനിക്ക് മാത്രമെന്താണ് അയിത്തം ‘ ഇത് ഒരു കാലത്തിന്‍റെ അതിജീവനത്തിനായി കൊറഗജ്ജ ഉയർത്തിയ ചോദ്യമാണെന്നാണ് തുളുനാട്ടുകാരുടെ വിശ്വാസം. കന്നഡ മണ്ണിലെ ജനകീയ തെയ്യക്കോലമാണ് കൊറഗജ്ജ.
വടക്കേ മലബാറിലെ തെയ്യക്കോലങ്ങളിൽ നിന്ന് വ്യത്യസ്‌തമാണെങ്കിലും ജാതീയ വേർതിരിവുകൾക്കെതിരെയുള്ള പോരാട്ടം തന്നെയാണ് കൊറഗജ്ജയും ഓർമപ്പെടുത്തുന്നത്
കൊറഗജ്ജയുടെ ആട്ടം തുടങ്ങിയാൽ ക്ഷേത്രങ്ങളിലേക്ക് ആൾക്കാരുടെ ഒഴുക്കാണ്. കാസർഗോട്ടെ തുളുനാടൻ ഗ്രാമങ്ങൾ മുതൽ ഉഡുപ്പി കുന്താപുരം വരെയാണ് കൊറഗജ്ജ തെയ്യം കെട്ടിയാടിക്കുന്നത്