കൊട്ടാരക്കര. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ദലിത് ജനതയെ കൈപിടിച്ചുയർത്തിയ വേദഗുരു സദാനന്ദസ്വാമിയുടെ ജീവിതം അവിശ്വസനീയവും ധീരവുമായ മഹാവിപ്ലവമാണെന്നു കെ. ബി ഗണേഷ് കുമാർ എം എൽ എ അഭിപ്രായപെട്ടു.

സദാനന്ദസ്വാമിയുടെ സമാധിശതാബ്ദിയുടെ തുടക്കമായ “സദാനന്ദം 2024″എന്ന പരിപാടിയുടെ ഉദ്ഘാടനവും ജീവിതപദ്ധതി എന്ന പുസ്തകത്തിന്റെ പ്രകാശനവും ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അയിത്തം നടമാടിയിരുന്ന കാലത്ത് അധസ്ഥിതസമൂഹത്തിനു വേണ്ടി ക്ഷേത്രങ്ങളും സ്കൂളുകളും നെയ്ത്തുശാലകളും സ്ഥാപിച്ച സദാനന്ദസ്വാമി, ചരിത്രത്തിനു പുറത്തായത് അദ്ദേഹം ഒരു സമുദായത്തിന്റെയും ഭാഗമാകാതിരുന്നതു കൊണ്ടാണ്. മഹാത്മാ അയ്യൻകാളിയെ സംഘടനാരംഗത്തേയ്ക്ക് നയിച്ച സദാനന്ദസ്വാമി ഇപ്പോൾ മറ നീങ്ങി പുറത്തു വരുകയാണ്. തികഞ്ഞ പ്രായോഗികഗുരുവായിരുന്ന സ്വാമികൾ ആത്മീയതയ്ക്കും ഭൗതികതയ്ക്കും ഒരുപോലെ പ്രാധാന്യം നൽകി. അടിയാളരുടെ വേദഗുരുവായ സദാനന്ദസ്വാമിയുടെ പേര് ലോകമെങ്ങും എത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ജീവിതപദ്ധതി പോലെയുള്ള സദാനന്ദസ്വാമിയുടെ ഗ്രന്ഥങ്ങൾ പരക്കെ പ്രചരിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്നും ഗണേഷ് കുമാർ പറഞ്ഞു.
ഡോ. സുരേഷ് മാധവ് സമ്പാദനവും പഠനവും നിർവഹിച്ച ജീവിതപദ്ധതി എന്ന കൃതി ശിവഗിരി ആശ്രമം പ്രതിനിധി സ്വാമി നിത്യസ്വരൂപാനന്ദ സ്വീകരിച്ചു.പ്രൊഫ. കെ. രാഘവൻ നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അവധൂതാശ്രമം മഠാ ധിപതി സ്വാമി ചിദാനന്ദ ഭാരതി, മുഖ്യകാര്യദർശി സ്വാമി രാമാനന്ദ ഭാരതി, സ്വാമി ഭജനാനന്ദ സരസ്വതി, തുടങ്ങിയ സന്യാസിശ്രേഷ്ഠർ പങ്കെടുത്തു. വെട്ടിക്കവല പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ്, ഡോ. സുരേഷ് മാധവ്, കെ. ആർ രാധാകൃഷ്ണൻ,
കെ.പി എം എസ് വർക്കിങ് പ്രസിഡണ്ട് ജി. സുരേന്ദ്രൻ, സാധുജന പരിപാലനസംഘം ജനറൽ സെക്രട്ടറി സുരേഷ് ജഗതി, ഹിന്ദു ഐക്യവേദി സെക്രട്ടറി സുശികുമാർ,പി. ടി ജയചന്ദ്രൻ,വാർഡ് മെമ്പർമാരായ ബിന്ദുപ്രസാദ്, രതീഷ് ഇരങ്ങൂർ തുടങ്ങിയവർ സംസാരിച്ചു