നാടൊരുക്കിയ സ്നേഹത്തണലിൽ ലേഖയ്ക്ക് ശ്യാമും ചിത്രയ്ക്ക് കപിൽരാജും താലി ചാർത്തും:ഉത്സവതിമിർപ്പിൽ പടിഞ്ഞാറെ കല്ലട ഗ്രാമം

ചിത്രയും കപിലും ശ്യാമും ലേഖയും
Advertisement

പടിഞ്ഞാറെ കല്ലട:(കൊല്ലം) നാടൊരുക്കിയ സ്നേഹത്തണലിൽ ലേഖയ്ക്ക് ശ്യാമും ചിത്രയ്ക്ക് കപിൽരാജും വ്യാഴാഴ്ച രാവിലെ 10 നും 12നും ഇടയ്ക്കുള്ള മൂഹൂർത്തത്തിൽ താലി ചാർത്തും.പടിഞ്ഞാറെ കല്ലട വലിയപാടം ചിത്രാ നിവാസിൽ ശിവസുതന്റെയും പരേതയായ സുശീലയുടെയും മക്കളാണ് എസ്.ചിത്രയും എസ്.ലേഖയും.ഇരുവരും ഇപ്പോൾ കഴിയുന്നത് കൊല്ലത്തെ മഹിളാ മന്ദിരത്തിൽ.

ലേഖയെ മൈനാഗപ്പള്ളി വേങ്ങ തൈവിള കിഴക്കതിൽ എസ്.ശ്യാമും ചിത്രയെ കുന്നത്തൂർ പുത്തനമ്പലം ശാന്തി ഭവനിൽ കപിൽരാജുമാണ് വിവാഹം കഴിക്കുന്നത്.ശ്യാം ഗൾഫിലാണ് ജോലി ചെയ്യുന്നത്.പിതാവിന്റെ വർക്ക്ഷോപ്പ് നോക്കി നടത്തുകയാണ് കപിൽ രാജ് .വർഷങ്ങൾക്കു മുമ്പ് തമിഴ്നാട്ടിൽ നിന്നും കുന്നത്തൂരിലെത്തി സ്ഥിരതാമസം ആയവരാണ് കപിലിന്റെ കുടുംബം.മാതാവിന്റെ മരണ ശേഷം തങ്ങൾ സുരക്ഷിതരല്ലെന്ന് യുവതികൾ ബ്ലോക്ക് പഞ്ചായത്തംഗം രതീഷിനെ അറിയിച്ചതോടെയാണ് ഇരുവരുടെയും ജീവിതം മാറി മറിയുന്നത്.ഈ വിവരം അദ്ദേഹം പഞ്ചായത്ത് പ്രസിഡന്റ് ഡോ.സി ഉണ്ണികൃഷ്ണനെ അറിയിക്കുകയും ഇരുവരും ചേർന്ന് ലേഖയുടെയും ചിത്രയുടെയും ബന്ധുക്കളെ സമീപിക്കുകയും ചെയ്തു.എന്നാൽ ബന്ധുക്കളെല്ലാം കൈമലർത്തി.

തുടർന്ന് കൊല്ലം നഗരസഭാ അധ്യക്ഷയുമായി ബന്ധപ്പെട്ടതോടെയാണ് ഒരു വർഷം മുമ്പ് മഹിളാ മന്ദിരത്തിലേക്കുള്ള വഴി തുറന്നത്.ഇതിനിടയിലാണ് പഴയ സതീർത്ഥ്യർ ലേഖയുമായും ചിത്രയുമായുള്ള പ്രണയം വെളിപ്പെടുത്തി രംഗത്ത് എത്തിയത്.അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു.തുടർന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വരന്മാരെ കുറിച്ച് വിശദമായി അന്വേഷണം നടത്തുകയും ഉത്തമമെന്ന് ബോധ്യപ്പെടുകയും ചെയ്തതിനെ തുടർന്നാണ് വിവാഹത്തിലേക്ക് കടന്നത്.പിന്നീട് പഞ്ചായത്ത് തലത്തിലും വാർഡ് തലത്തിലും ആലോചനാ യോഗങ്ങൾ. രാഷ്ട്രീയത്തിന് അതീതമായി നാട് ഒന്നിച്ചു.യുവജന – സന്നദ്ധ സംഘടനകളും നാട്ടിലെ വാട്സാപ്പ്, കുടുംബശ്രീ- തൊഴിലുറപ്പ് കൂട്ടായ്മകളും ഒത്തൊരുമിച്ചു.രക്ഷിതാവിന്റെ റോളിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ പേരിലുള്ള വിവാഹക്ഷണക്കത്ത് പഞ്ചായത്തിലെ മുഴുവൻ വീടുകളിലും എത്തിച്ചു.ഇന്ന്(ബുധൻ) രാവിലെ മുതൽ പഞ്ചായത്ത് ആയൂർവേദ ഹാളിൽ വിവാഹത്തിന്റെ മുന്നോടിയായുള്ള റിസപ്ഷൻ നടക്കുകയാണ്.വലിയ ജനപങ്കാളിത്തവും അകമഴിഞ്ഞ സംഭാവനയും ലഭിക്കുന്നുണ്ട്.

കൊല്ലം കോർപ്പറേഷൻ അധികൃതർ യുവതികൾക്ക് അണിയാൻ സ്വർണാഭരണങ്ങൾ എത്തിക്കും.നാട്ടുകാർക്കും വരന്മാരുടെ ബന്ധുക്കൾക്കുമൊപ്പം
മന്ത്രി ചിഞ്ചു റാണി,കൊടിക്കുന്നിൽ സുരേഷ് എം.പി,കോവൂർ കുഞ്ഞുമോൻ എംഎൽഎ,കൊല്ലം കളക്ടർ,കൊല്ലം മേയർ ഉൾപ്പെടെ നിരവധി പ്രമുഖർ വിവാഹത്തിൽ പങ്കെടുക്കും.600 പേർക്കുള്ള സദ്യയാണ് ഒരുക്കുക.കൂടുതൽ വേണ്ടി വന്നാൽ അതിനുള്ള ഏർപ്പാടുകളും ചെയ്തിട്ടുണ്ട്.നാട്ടുകാർ നൽകുന്ന സംഭാവനയിൽ വിവാഹത്തിന് ചെലവാകുന്ന തുക കഴിച്ച് ബാക്കി ലേഖയുടെയും ചിത്രയുടെയും പേരിൽ നിക്ഷേപിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സി.ഉണ്ണികൃഷ്ണൻ,കൺവീനർ കെ.സുധീർ,ബ്ലോക്ക് പഞ്ചായത്തംഗം രതീഷ് എന്നിവർ പറഞ്ഞു.