ദുബായില്‍ നിന്ന് സ്റ്റൈലിഷ് ചിത്രവുമായി സാനിയ

Advertisement

ഷൂട്ടിങ്ങുകൾക്കിടയിൽ വീണുകിട്ടുന്ന ഇടവേളകളിലെല്ലാം യാത്ര ചെയ്യുന്ന ആളാണ്‌ നടി സാനിയ ഇയ്യപ്പന്‍. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും എടുത്ത ഒട്ടേറെ മനോഹര യാത്രാചിത്രങ്ങള്‍ സാനിയയുടെ സോഷ്യല്‍ മീഡിയയില്‍ കാണാം. കഴിഞ്ഞിടയ്ക്ക് കുടുംബമായി തായ്‍ലൻഡ് യാത്ര പോയ ചിത്രങ്ങളും ഗോവൻ ട്രിപ്പിന്റെ ചിത്രങ്ങളുമൊക്കെ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു.

സാനിയ ഒറ്റയ്ക്കും സുഹൃത്തുക്കൾ ഒരുമിച്ചുമൊക്കെ യാത്ര തിരിക്കാറുണ്ട്. ഇപ്പോഴിതാ ദുബായില്‍ നിന്നാണ് സാനിയ ഏറ്റവും പുതിയ ചിത്രങ്ങള്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നീല ടോപ്പും ഷോര്‍ട്ട്സും ധരിച്ച്, ദുബായിലെ നാമോസിന് മുന്നില്‍ നില്‍ക്കുന്ന സാനിയയെ ഈ ചിത്രങ്ങളില്‍ കാണാം. കഴിഞ്ഞ വർഷം നവംബർ മാസത്തിൽ ദുബായിൽ സ്കൈഡൈവിങ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർക്കായി താരം പങ്കുവച്ചിരുന്നു.

ഹോളിവുഡ്‌ താരങ്ങള്‍ അടക്കമുള്ളവര്‍ നിരന്തരം സന്ദര്‍ശിക്കുന്ന ലക്ഷ്വറി ഹോട്ടലാണ് നാമോസ് ദുബായ്. ഫോർ സീസൺസ് റിസോർട്ട് ദുബായുടെ പ്രധാന കവാടത്തോട് ചേർന്നാണ് ഇത് സ്ഥിതിചെയ്യുന്നത്. നാമോസ് ദുബായ്ക്ക് സ്വന്തമായി ബീച്ചും ടെറസും റസ്റ്ററന്റുമുണ്ട്. ലോകോത്തര നിലവാരമുള്ള ഗ്രീക്ക് രുചികളാണ് ഇവിടെ വിളമ്പുന്നത്.

ദുബായ് സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച മാസങ്ങളില്‍ ഒന്നാണ് ഫെബ്രുവരി. സുഖകരമായ കാലാവസ്ഥയും സജീവമായ സാഹസിക വിനോദാനുഭവങ്ങളും രാത്രികളില്‍ പാര്‍ട്ടികളുമെല്ലാമായി ദുബായ് ആഘോഷപൂര്‍ണമാകുന്ന സമയമാണിത്. മരുഭൂമിയിലെ സഫാരിയും ബീച്ച് വിനോദങ്ങളുമെല്ലാം ചെയ്യാന്‍ ഏറ്റവും മികച്ച സമയമാണിത്.

ബുർജ് ഖലീഫ, പാം ജുമൈറ, ദുബായ് മാൾ, ദുബായ് മറീന, അറ്റ്ലാന്റിസ് ദി പാം, ദുബായ് ഫൗണ്ടൻ, ജുമൈറ ബീച്ച് തുടങ്ങിയ ദുബായിലെ പ്രധാനപ്പെട്ട ആകര്‍ഷണങ്ങള്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന സമയം കൂടിയാണിത്.

വളരെ മികച്ച സമയമായതുകൊണ്ടുതന്നെ ഫെബ്രുവരി സമയത്ത് ദുബായ് യാത്ര അല്‍പ്പം ചിലവേറിയതാണ്. ഈ സമയത്ത് യാത്ര ചെയ്യാന്‍ ഫ്ലൈറ്റ് ടിക്കറ്റും മറ്റും നേരത്തേ തന്നെ ബുക്ക് ചെയ്യണം. ഹോട്ടലുകളും ടൂറിസ്റ്റ് ആകര്‍ഷണങ്ങളും ഈ സമയത്ത് ചിലവ് കൂടുതലാണ്. ദുബായില്‍ എത്തിക്കഴിഞ്ഞാല്‍ ചിലവു കുറഞ്ഞ ഗതാഗതത്തിനായി, ബോർഡിങ് മെട്രോ ട്രെയിനുകളും ക്യാബുകളും ഉപയോഗിക്കാം.