‘കേരളത്തിൽ എന്ത് അപകടമാണ് കണ്ടത്?’: അമിത് ഷായോട് മുഖ്യമന്ത്രി; മോദിക്കും മറുപടി

Advertisement

കോട്ടയം: കേരളത്തിൽ ഗുസ്തി പിടിക്കുന്നവർ ത്രിപുരയിൽ ദോസ്തുക്കൾ എന്ന പ്രസ്താവനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ത്രിപുരയിൽ സിപിഎം പലവഴികളിലൂടെ കടന്നുവന്നതാണ്. ഇപ്പോൾ ബിജെപി കാണിക്കുന്ന അതിക്രമങ്ങൾ മാത്രമല്ല പാർട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

നൃപൻ ചക്രബർത്തിയുടെ നേതൃത്തിലുണ്ടായിരുന്ന സർക്കാരിന് അവിടെ ഏതെല്ലാം തരത്തിലുള്ള അതിക്രമങ്ങൾ നേരിടേണ്ടി വന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. അവിടെയുള്ള ജനഹിതത്തെ അട്ടിമറിക്കുന്നതിനായി അക്കാലത്ത് രാജ്യത്തിന്റെ കേന്ദ്ര ഭരണാധികാരത്തിന്റെ സ്വാധീനം അടക്കം ഉപയോഗിച്ച് ഇടപെട്ടിട്ടുണ്ട്. അന്നു കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരായിരുന്നു കേന്ദ്രത്തിൽ അധികാരത്തിൽ.

കോൺഗ്രസ് നടത്തിയ അതിക്രമങ്ങളെ നേരിട്ട ചരിത്രം പാർട്ടിക്കുണ്ട്. സിപിഎമ്മിനെ ഇല്ലാതാക്കാൻ കോൺഗ്രസ് പരമാവധി ശ്രമിച്ചതാണ്. എന്നാൽ അതിനെയെല്ലാം അതിജീവിക്കാൻ അവിടുത്തെ പ്രസ്ഥാനത്തിനായി. ജനങ്ങളുടെ ഹിതം അട്ടിമറിച്ചുകൊണ്ട് ജനാഭിപ്രായപ്രകാരം വോട്ട് രേഖപ്പെടുത്താൻ വിടാതെ പോളിങ് ബൂത്തിൽ കയറി ബാലറ്റ് പേപ്പർ അക്രമിസംഘം ഒന്നിച്ചെടുത്ത് കുത്തിയിട്ട്, അതിന്റെ ഭാഗമായി കൃത്രിമമായി വിജയം നേടിയെന്ന് അഹങ്കരിച്ചവർ, പക്ഷേ ജനാഭിലാഷം വീണ്ടും വിജയിച്ചു. വീണ്ടും അവിടെ ഇടതുമുന്നണി ദീർഘകാലം അധികാരത്തിലുണ്ടായി.

എന്നാൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ അവരുടെ അതിക്രമങ്ങളുടെ വിളനിലമായി ത്രിപുരയെ മാറ്റുന്നതാണ് പിന്നീടു കണ്ടത്. അവിടെ ബിജെപി വലിയ തോതിൽ സ്വാധീനമുള്ള പാർട്ടിയായിരുന്നില്ല. എന്നാൽ ത്രിപുരയിലെ കോൺഗ്രസ് നിയമസഭാകക്ഷി അംഗങ്ങളെ ഏകദേശം എല്ലാവരെയും കൂടെക്കൂട്ടി. അങ്ങനെയാണ് ത്രിപുരയിൽ കഴിഞ്ഞ കാലത്ത് ബിജെപി അരങ്ങേറുന്നത്. പിന്നീട് അവിടെ സാധാരണ നിലയിലുള്ള പ്രവർത്തനം നടത്താൻ കഴിയാത്ത അവസ്ഥയായി. ആണെന്നോ പെണ്ണന്നോ വ്യത്യാസം ഇല്ലാതെ ആക്രമണങ്ങൾ അഴിച്ചുവിട്ടു. എല്ലാവരെയും ആക്രമിക്കുന്ന ഒരു ഗുണ്ടാപ്പട, അവർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കികൊടുക്കുന്ന ഒരു അധികാര വർഗം എന്നൊരു സ്ഥിതിയിലേക്ക് ത്രിപുര മാറി.

ഇത്തരം പ്രത്യേക സാഹചര്യം വന്നപ്പോഴാണ് ആ അവസ്ഥ മാറ്റിയെടുക്കുന്നതിനായി യോജിപ്പുകൾ തിരഞ്ഞെടുപ്പിൽ വരുന്നത്. അമിതാധികാര വാഴ്ച രാജ്യത്ത് കൊടികുത്തി വാണപ്പോൾ അത് അവസാനിക്കാൻ രാജ്യം ഒന്നിച്ച് അണിനിരന്നത് നാം മുൻപും കണ്ടതാണ്. പ്രത്യേക സാഹചര്യമാണ് അത്തരമൊരു അവസ്ഥ സൃഷ്ടിക്കുന്നത്. ഈ പ്രത്യേക സാഹചര്യമാണ് ഇപ്പോൾ ത്രിപുരയിലുള്ളത്. എന്തുകൊണ്ട് ഇങ്ങനെ ഒരു സാഹചര്യം വന്നു എന്നതാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആലോചിക്കേണ്ടത്.

ഇത്തരത്തിലുള്ള അതിക്രമങ്ങൾക്കെതിരെ സംസ്ഥാന തലത്തിലുള്ള നീക്കങ്ങൾ തന്നെയാണ് നടത്താൻ പോകുന്നത്. ഇനിയും ഒരു അവസരം കൂടി ബിജെപിക്കു നൽകിയാൽ രാജ്യത്തിന്റെ സർവനാശമാകും ഫലം. ഇന്നത്തെ രാജ്യത്തിന്റെ സാഹചര്യത്തിൽ ഏതെങ്കിലും ഒരു മുന്നണി ഉയർന്നു വരാനുള്ള സാധ്യതയില്ല. വിവിധ സംസ്ഥാനത്ത് പ്രബലരായ വ്യത്യസ്തങ്ങളായ പ്രാദേശിക കക്ഷികളെ ഒന്നിപ്പിക്കുകയാണ് വേണ്ടത്. ബിജെപിക്ക് എതിരായ ഒരു കൂട്ടുകെട്ട് ഉണ്ടാക്കി തിരഞ്ഞെടുപ്പിനെ നേരിടുക. തുടർന്ന് തിരഞ്ഞെടുപ്പിനു ശേഷം എന്തുവേണമെന്നുള്ളത് അപ്പോൾ ആലോചിക്കാം. ഈ കാഴ്ചപ്പാടിലൂടെയാണ് സിപിഎം മുന്നോട്ട് നീങ്ങുന്നത്.’– മുഖ്യമന്ത്രി പറഞ്ഞു.

ബിജെപിയുടെ റിക്രൂട്ടിങ് ഏജൻസി ആയി കോൺഗ്രസ് മാറിയെന്നും പിണറായി വിമർശിച്ചു. ബിജെപിയിലേക്ക് ആളെ കൊടുക്കുന്നത് തടുത്തുനിർത്താൻ കോൺഗ്രസിനു കഴിയുന്നില്ല. ബിജെപിയെ എതിർക്കുക എന്നാൽ ബിജെപിയുടെ നയങ്ങളെ എതിർക്കാൻ തയാറാകണം. അവരുടെ സാമ്പത്തിക നയങ്ങളെ എതിർക്കാൻ കഴിയണം. ബിജെപിയുടെ സാമ്പത്തിക നയവുമായി എന്ത് വ്യത്യാസമാണ് കോൺഗ്രസിനെന്നും നേതൃത്വം യാഥാർഥ്യം ഉൾക്കൊള്ളാൻ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൊട്ടടുത്താണ് കേരളമെന്ന് കർണാടകയിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കെതിരെയും മുഖ്യമന്ത്രി ആഞ്ഞടിച്ചു. ‘കേരളത്തിലെ സ്ഥിതി എന്താണ്? ഭരണഘടന വിഭാവനം ചെയ്യുന്ന രീതിയിൽ എല്ലാ മതവിശ്വാസികൾക്കും വിശ്വാസികളല്ലാത്തവർക്കും സ്വൈര്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ട്. അതാണോ കർണാടകയിലെ സ്ഥിതി? കേരളത്തെ മാതൃകയാക്കണമെന്നാണ് അമിത് ഷാ ഉദ്ദേശിച്ചതെങ്കിൽ കുഴപ്പമില്ല. എന്നാൽ അങ്ങനെയല്ലല്ലോ പറഞ്ഞു വന്നത്. ഇവിടെ എന്ത് അപകടമാണ് അമിത് ഷായ്ക്ക് ദർശിക്കാനായത്.

കർണാടകയിൽ ഏതെല്ലാം പ്രദേശത്ത് സംഘപരിവാറിന്റെ ആക്രമണത്തിന് ന്യൂനപക്ഷം ഇരയായി. ഇവിടെയാകട്ടെ വർഗീയ സംഘർഷമില്ല. ഏതെങ്കിലും മതവിഭാഗങ്ങൾക്ക് ആ മതത്തിൽ വിശ്വസിക്കുന്നതുകൊണ്ട് ആക്രമണത്തിന് ഇരയാകേണ്ടി വരുന്നുണ്ടോ ? അധികമൊന്നും പറയാനില്ലെന്ന് പറഞ്ഞല്ലോ. എന്തിനാണ് അർധോക്തിയിൽ നിർത്തുന്നത്. എന്തു കാര്യമാണ് നിങ്ങൾക്ക് പറയാനുള്ളത്? മതനിരപേക്ഷത കൊടികുത്തി വാഴുന്ന, ക്രമസമാധാന നില ഏറ്റവും നന്നായി പാലിക്കപ്പെടുന്ന സംസ്ഥാനമല്ലേ കേരളം. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ അതിക്രമങ്ങൾ ഉണ്ടാകുന്നത് സംഘപരിവാറിന്റെ ഭാഗത്തുനിന്നല്ലേ? അത് അവസാനിപ്പിക്കാനല്ലേ കേന്ദ്രം ശ്രമിക്കേണ്ടത്.

ബിജെപിയുടെ അതിക്രമങ്ങൾ നടക്കാത്ത ഒരിടം കേരളമാണ്. മറ്റു പ്രദേശങ്ങളെ പോലെ ഈ പ്രദേശത്തെ മാറ്റാൻ ഈ നാടും ജനങ്ങളും സമ്മതിക്കില്ല. വർഗീയതയ്ക്കെതിരെ ജീവൻ കൊടുത്തു പോരാടിയവരാണ് ഈ മണ്ണിലുളളത്. അതു മനസിലാക്കണം. അതിസമ്പന്നർക്ക് വേണ്ടിയാവരുത് ഭരണം. നാട്ടിലെ പാവപ്പെട്ടവന് വേണ്ടിയാവണം. പട്ടിണിയും ദാരിദ്ര്യവും കൊടികുത്തി വാഴുകയാണ്. ഇതിനെതിരെ ജനങ്ങൾ പ്രതിഷേധിക്കാനിറങ്ങും. ആ കാര്യങ്ങൾ ജനങ്ങൾ ചിന്തിക്കാതിരിക്കാൻ വർഗീയ സംഘർഷമുണ്ടാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനാലാണ് ബിജെപി ഭരണം ഉള്ളിടത്തും ഇല്ലാത്തിടത്തും സംഘപരിവാർ വർഗീയ കലാപങ്ങൾക്കും വർഗീയ ചേരിതിരിവിനും ശ്രമിക്കുന്നത്.’– മുഖ്യമന്ത്രി പറഞ്ഞു.