ബോംബെ റേഡിയോക്ലബ്ബിൽ നിന്ന് അശരീരി പോലെയെത്തിയ ശബ്ദവീചികൾ ജനങ്ങളെ അത്ഭുത സ്തബ്ധരാക്കി,ഓള്‍ ഇന്ത്യാറേഡിയോയുടെ കഥ

Advertisement

മുരളീധരൻതഴക്കര

ഇൻഡ്യയിൽ റേഡിയോ പ്രക്ഷേപണമാരംഭിച്ചത് 100 വർഷങ്ങൾക്കു മുമ്പ് 1922 ൽ ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ റേഡിയോക്ലബ്ബിൽ നിന്ന് അശരീരി പോലെയെത്തിയ ഈ ശബ്ദവീചികൾ ജനങ്ങളെ അത്ഭുത സ്തബ്ധരാക്കി. 1927 ജൂലൈ 23 ന് അത് ആൾ ഇൻഡ്യാ റേഡിയോയുടെ ഭാഗമായി. 1957 ൽ അത് ആകാശവാണിയായി!
മാധ്യമ ബാഹുല്യത്തിനിടയിലും ഇന്നും റേഡിയോ വേറിട്ടു നിൽക്കുന്നു. അദൃശ്യനായ അദ്ധ്യാപകനായി, ഉറ്റ ചങ്ങാതിയായി, വിജ്ഞാന സാഗരമായി , കലാക്ഷേത്രമായി ഒക്കെ റേഡിയോ നമ്മോടൊപ്പമുണ്ട്.
പാടുകയും പറയുകയും ചെയ്യുന്ന റേഡിയോ …. വിജ്ഞാനവും വിനോദവും പ്രസരിപ്പിക്കുന്ന പൊതു സേവന പ്രക്ഷേപണ മാധ്യമമാണ്. കേൾവിക്കാരന് ഹിതവും സുഖകരവുമായ പരിപാടികൾ സന്നിവേശിപ്പിക്കുന്ന
വിശ്വാസ്യത കൊടിയടയാളമാക്കിയ മാധ്യമം. മലയാളിയെ സംബന്ധിച്ച് റേഡിയോ വിശിഷ്യാ ആകാശവാണി കേവലo ശ്രവ്യ മാധ്യമം എന്നതിലുപരി കുലീനമായ ഒരു സംസ്ക്കാരമാണ്. റേഡിയോ പരിപാടികൾക്കനുസരിച്ച് ദിനചര്യകൾ ക്രമീകരിച്ച നമുക്ക് റേഡിയോ ഒരു ഘടികാരം കൂടിയായിരുന്നു. രാവിലെ സുഭാഷിതം കേട്ടുണരുകയും രാത്രി സുഭാഷിതം കേട്ട് ഉറങ്ങുകയും ചെയ്യുന്ന ആയിരക്കണക്കിന് ശ്രോതാക്കളാണ് ആകാശവാണിയുടെ സമ്പത്ത് .
രാജ്യത്തെ ജനങ്ങളോട് പ്രധാനമന്ത്രി മനസ്സുതുറക്കുന്ന മാധ്യമം ആകാശവാണിയാണ്. മൻകീ ബാത്ത് നൂറ് എപ്പിസോഡുകൾ പിന്നിടുകയാണ്. ദൃശ്യ മാധ്യമങ്ങളുടെ മാസ്മരികതയിൽ ആകാശവാണി വിസ്മൃതിയിലാകുമോ
എന്ന് ആശങ്കപ്പെട്ടവരുണ്ട്. പക്ഷേ ഈ കഴിഞ്ഞ ടാൻ റിപ്പോർട്ട് പ്രകാരം ഇൻഡ്യയിലെ റേഡിയോ ആസ്വാദകരുടെ എണ്ണത്തിൽ 29 ശതമാനം വർദ്ധനവുണ്ടായിരിക്കുന്ന ത്രേ !
ഏറ്റവും ചെലവു കുറഞ്ഞ ഈ മാധ്യമം ഇന്നിതാ വിരൽതുമ്പിൽ ലഭ്യമാണ്. മൊബൈൽ ഫോണിൽ ഡൗൺ ലോഡുചെയ്തും
ഇപ്പോൾ കേൾക്കാം. ഒരു കാലത്ത് ആകാശവാണി മാത്രമായിരുന്നു ഒരേയൊരു ശ്രവ്യ മാധ്യമമെങ്കിൽ ഇപ്പോൾ എണ്ണമറ്റ FM റേഡിയോ,കമ്മ്യൂണിറ്റി FM റേഡിയോ, ഇന്റെർനെറ്റ് റേഡിയോ – അതുകൊണ്ടു തന്നെ പരിപാടികളുടെ വൈവിധ്യതയ്ക്കും കാലാനുസാരിയായ മാറ്റമുണ്ടായി !
ആകാശവാണി എല്ലാ ദിവസവും 92 ഭാഷകളിലും ഉപഭാഷകളിലുമായി 607 വാർത്താ ബുള്ളറ്റിനുകളാണ് പ്രക്ഷേപണം ചെയ്യുന്നത്.


പണ്ട് പൂമുഖത്തെ റേഡിയോ സ്റ്റാൻഡിലായിരുന്നു റേഡിയോയുടെ സ്ഥാനമെങ്കിൽ ഇന്നത്
അരങ്ങിൽ നിന്ന് അടുക്കളയിലേക്കെത്തി. മിക്ക വീടുകളിലും അടുക്കളയിലെ ഫ്രിഡ്ജിന് മുകളിൽ ! വീട്ടമ്മമാരുടെ പ്രീയമിത്രം . റേഡിയോ സമാധാനത്തിനായി …… എന്നതാണ് ഈ വർഷത്തെ ലോക റേഡിയോ ദിനസന്ദേശം, സംഘർഷങ്ങൾ നിറഞ്ഞ വർത്തമാനകാല സാഹചര്യത്തിൽ എത്ര പ്രസക്തമായ വിഷയം !!
ഈ റേഡിയോ ദിനത്തിൽ വിനീതമായ ഒരു അഭ്യർത്ഥനയോടെ അല്പം ദീർഘിച്ചുപോയ ഈ കുറിപ്പ് അവസാനിപ്പിക്കട്ടെ ….. അത് മറ്റൊന്നുമല്ല നമ്മുടെ എല്ലാ വീടുകളിലും നന്മയുടെ ഈ ശബ്ദവീചികൾ പ്രസരിക്കട്ടെ . നമ്മൾ റേഡിയോ കേൾക്കുന്ന തോടൊപ്പം നമ്മുടെ കുഞ്ഞുങ്ങളെയും റേഡിയോ കേൾക്കാൻ പ്രേരിപ്പിക്കൂ ! പ്രീയപ്പെട്ടവർക്ക് പിറന്നാളാശംസയായി ….
പുതിയ വീടുവെച്ച് താമസമാകുന്നവർക്ക് സ്നേഹസ്പർശമായി ….. ഉന്നത വിജയം നേടുന്നവർക്ക് അനുമോദനമായി …..
നമുക്കൊരു റേഡിയോ
സമ്മാനമായി നൽകാം !!
നല്ലകാര്യങ്ങളിൽ പ്രേമമുണ്ടാകുവാൻ ,
നല്ലവാക്കോതുവാൻ
ത്രാണിയുണ്ടാകുവാൻ ,
ദുഷ്ടസംസർഗ്ഗം
വരാതെയായീടിനാൻ ,
എല്ലാ വീട്ടകങ്ങളിലേക്കും
റേഡിയോതിരിച്ചു വരട്ടെ !
ആകാശവാണി കടന്നുവരട്ടെ !