“നീ വരില്ലിനി”

Advertisement


വി എം രാജമോഹൻ
ഒ. എൻ. വി. സാറിന്റെ ജന്മദേശമായ ചവറയ്ക്ക് കിഴക്ക് അഷ്ടമുടിക്കായലാൽ ചുറ്റപ്പെട്ട ഒരു ഗ്രാമമുണ്ട്, ചവറ തെക്കുംഭാഗം. മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പും വി. സാംബശിവനും ജനിച്ച ഗ്രാമം. തിരുവിതാംകൂറിൽ ആദ്യം ചുവപ്പണിഞ്ഞ ഗ്രാമങ്ങളിലൊന്നാണിത്. ഇവിടെ പി. കാർത്തികേയൻ എന്നൊരു കമ്മ്യൂണിസ്റ്റ് നേതാവുണ്ടായിരുന്നു എം. എൻ. ഗോവിന്ദൻ നായരും ശങ്കര നാരായണൻ തമ്പിയും തോപ്പിൽ ഭാസിയുമൊക്കെ പോലീസിനെ വെട്ടിച്ച് പലപ്പോഴും ഈ ഗ്രാമത്തിൽ ഒളിവിലിരുന്നിട്ടുണ്ട്. ( പി. കാർത്തികേയന് കുഷ്ഠരോഗം ബാധിച്ച് നൂറനാട് ലെപ്രസി സാനിട്ടോറിയത്തിൽ ചികിത്സയിൽ കഴിയേണ്ടി വന്നപ്പോൾ അവിടെ തോപ്പിൽ ഭാസി പതിവു സന്ദർശകനായിരുന്നു. ആ അനുഭവങ്ങളിൽ നിന്നാണ് അശ്വമേധം നാടകം പിറക്കുന്നത്.)
ചവറ തെക്കും ഭാഗത്തേക്ക് പാർട്ടി പ്രവർത്തനത്തിനായി കൊലുന്നനെയുള്ള ഒരു ചെറുപ്പക്കാരൻ കടത്തു കടന്ന് വരുമായിരുന്നു. അതു ഒ. എൻ. വി. കുറുപ്പായിരുന്നു.
ഞാൻ തീരെ ചെറിയ കുട്ടിയായിരുന്നപ്പോൾ അച്ഛൻ എന്നെ പാടിയുറക്കിയിരുന്ന ഒരു പാട്ടുണ്ട് ‘വെള്ളാരം കുന്നിലെ പൊൻ മുളം കാട്ടിലെ പുല്ലാങ്കുഴലൂതും കാറ്റേ വാ’
“പൊന്നരിവാളമ്പിളി”യും “ഇല്ലിമുളം കാടുകളു”മൊക്കെ ഞങ്ങളുടെ നാട്ടിലെ കയർ തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയുമൊക്കെ ചുണ്ടിൽ തത്തിക്കളിക്കുന്ന പാട്ടുകൾ
ഇതെല്ലാമെഴുതിയത് ഒ. എൻ. വി. കുറുപ്പാണെന്ന് കുറച്ചു കൂടി മുതിർന്നപ്പോൾ അച്ഛൻ പറഞ്ഞു തന്നു.ഒ. എൻ. വി.യുടെ കുട്ടിക്കാലത്തെ ജീവിതം അച്ഛന്റെ മരണത്തെത്തുടർന്ന് കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നുവെന്നതിന്റെ ചില ചിത്രങ്ങൾ അച്ഛനിൽ നിന്നും എനിക്ക് ലഭിച്ചു. അന്നത്തെ കഷ്ടപ്പാടിന്റെ നിറം മങ്ങലുകൾ അദ്ദേഹത്തിന്റെ വസ്ത്രങ്ങളിലും നിഴലിച്ചിരുന്നു.
തെക്കും ഭാഗം ഗുഹാനന്ദപുരം സംസ്കൃതം സ്കൂളിൽ ശാസ്ത്രി പരീക്ഷ പാസായി എന്റെ പിതാവ് വി. മാധവൻപിള്ള ഉപരിപഠനത്തിനായി പോയത് ചവറ ശങ്കരമംഗലത്തുള്ള ഇംഗ്ലീഷ് സ്കൂളി ലാണ്. ഉച്ചയ്ക്കുള്ള ഇടവേളയിൽ ശാസ്ത്രി പരീക്ഷ പാസായി അവിടെ പഠിച്ചിരുന്ന വിദ്യാർത്ഥിക ളുടെ അടുത്ത് ഉത്സാഹ ശീലനായ ഒരു ജൂനിയർ വിദ്യാർത്ഥി ഭക്ഷണമൊക്കെ വേഗം കഴിച്ച് കയ്യിലൊരു നോട്ടുബുക്കുമായി ഓടിയെത്തി ശ്ലോകങ്ങൾ എഴുതിയെടുത്ത് അർത്ഥം ചോദിച്ചു മനസ്സിലാക്കുമായിരുന്നു. മറ്റുള്ള വിദ്യാർത്ഥികൾ കുശലം പറഞ്ഞും പറഞ്ഞും കളിച്ചും കളയുന്ന സമയത്താണ് ഒ. എൻ. വി. കുറുപ്പ് എന്ന വിദ്യാർത്ഥി ഇങ്ങനെ ചെയ്തിരുന്നത്. അന്നേ അച്ഛനടക്കമുള്ളവർ പറഞ്ഞിരുന്നു “ഇവൻ ഉയരങ്ങളിലേക്ക് എത്തിച്ചേരും”. അന്ന് ഒരു മാഞ്ചോട്ടിലാണ് ഈ ‘പഠനം’ നടന്നിരുന്നത്. ചവറ സ്കൂളിൽ (ഇപ്പോൾ ഗവ. എച്ച്. എസ്. എസ് ചവറ ആ സ്ഥാനത്ത് ഒരു മാവ് ഇപ്പോഴുമുണ്ട്.
ചവറ തെക്കുംഭാഗം നടയ്ക്കാവ് മൈതാനം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാലത്തെ പൊതുയോഗങ്ങൾക്ക് വേദിയായ ഇടമാണ്. അവിടെ ഒരു യോഗം നടക്കുന്നു.ഒ. എൻ. വി. യാണ് പ്രസംഗകൻ. സ്ഥലത്തെ ഒരു ജന്മി യോഗത്തിലേക്ക് കടന്നുവന്ന് “നിർത്തെടാ” എന്ന് അലറി. മൈക്കിൽ നിന്നും അല്പം മാറി ശബ്ദം താഴ്ത്തി പ്രസംഗകൻ പറഞ്ഞു. “ഇത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു യോഗമാണ് നിർത്താൻ ഉദ്ദേശിക്കുന്നില്ല.” കലിപൂണ്ട ജന്മി തന്റെ വാക്കിംഗ് സ്റ്റിക്ക് കൊണ്ട് സ്റ്റേജിൽ കത്തിക്കൊണ്ടിരുന്ന വലിയ ബൾബിൽ ഒറ്റയടി. ബൾബ് പൊട്ടിച്ചിതറി. ആർക്കും മുറിവൊന്നും പറ്റിയില്ല. അവിടെ വഴക്കായി. ആ യോഗം സംഘടിപ്പിച്ചവരിലൊരാളായ എൻ. കൃഷ്ണപിള്ള ഈ ജന്മിയുടെ മൂത്ത മകനായിരുന്നു.
കൃഷ്ണപിള്ള സാറിന്റെ മരണം ഞാൻ സാറിനെ തിരുവനന്തപുരത്തെ വസതിയിലെത്തി അറിയിച്ചപ്പോഴാണ് ഈ കഥ പറഞ്ഞത്. ആ മകന്റെ മുഖത്തെ സംഘർഷാവസ്ഥ സാർ ഒരു കവിതയിലെന്നതുപോലെ വാക്കുകളിലൂടെ വരച്ചിട്ടുതന്നു. എന്റെ ഗ്രാമത്തെപ്പറ്റി എനിക്കറിയാൻ പാടില്ലാത്ത ചില പഴയ കഥകളും അന്ന് പറഞ്ഞു തന്നു. വി. സാംബശിവന്റെ ആദ്യ കഥാപ്രസംഗാവതരണത്തിന് സാക്ഷിയാകാൻ ഒ. എൻ. വി. സാറുമുണ്ടായിരുന്നു, ഗുഹാനന്ദപുരത്ത് പി. കാർത്തികേയനോടൊപ്പം പ്രവർത്തിച്ചിരുന്ന മറ്റൊരു കമ്മ്യൂണിസ്റ്റുകാരൻ തെക്കും ഭാഗത്തുണ്ടായിരുന്ന പള്ളിപ്പാട്ട് സദാശിവൻ പിള്ള. യുക്തിവാദി സംഘത്തിന്റെയും നേതാവായിരുന്നു. മരണാനന്തരം തന്റെ ശരീരം വൈദ്യ വിദ്യാർത്ഥികൾക്ക് പഠിക്കാനായി വിട്ടു നൽകണമെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. “തനിയ്ക്കായ് ജീവിക്കുവാൻ മറന്നൊരെൻ തോഴന്റെ തണുത്ത ജഡമിതു നിങ്ങളേറ്റെടുക്കുക” എന്നു തുടങ്ങുന്ന മരണാനന്തരം എന്ന കവിത പള്ളിപ്പാടനെ സ്മരിച്ചു കൊണ്ടെഴുതിയതാണെന്ന് തെക്കുംഭാഗത്തൊരു പരിപാടിക്കു വന്നപ്പോൾ ഒ. എൻ. വി. സാർ സൂചിപ്പിച്ചു. സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ എല്ലാ ഭടൻമാരുടെയും ത്യാഗവും ആ കവിതയിലുണ്ടെന്ന് സാർ കൂട്ടിച്ചേർക്കുകയും ചെയ്തു. (കവിത “വെറുതെ” എന്ന സമാഹാരത്തിൽ)
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ മഹാകാവ്യമായ രാമചന്ദ്ര വിലാസത്തിന്റെ രചയിതാവായ മഹാകവി അഴകത്ത് പത്മനാഭക്കുറുപ്പിന് നൂറ്റിയിരുപത്തഞ്ചാം ജന്മ വാർഷികം ഉദ്ഘാടനം ചെയ്തത് ഒ. എൻ. വി. സാറാണ്. അഴകത്തിന്റെ ശിഷ്യനായ ശൂരനാട് കുഞ്ഞൻ പിള്ള സാറിന്റെ ശിഷ്യനായ ശങ്കുപ്പിള്ള സാറിന്റെ ശിഷ്യനാണ് താനെന്നും അത്തരത്തിൽ അഴകത്ത് തുടങ്ങിവച്ച കാവ്യശാഖയുടെ ഒരു പിൻമുറക്കാരനാണ് താനെന്നും പ്രസംഗത്തിൽ സാർ പറയുകയുണ്ടായി.
അരനൂറ്റാണ്ടുധ കാലമായി ലഭ്യമായിരുന്ന രാമചന്ദ്രവിലാസം പുന: പ്രസിദ്ധീകരിക്കാനായി അഴകത്ത് സ്മാരകസമിതി പല വാതിലുകളിലും മുട്ടി. കേരള സാഹിത്യ അക്കാദമിയും കൈയ്യൊഴിഞ്ഞപ്പോൾ സ്വന്തമായി അച്ചടിക്കാൻ ഞങ്ങൾ തയ്യാറായി.അഴകത്തിന്റെ പ്രപൗത്രൻ ശൂരനാട് കെ. കൃഷ്ണകുമാറും ചവറ കെ. എസ്. പിള്ള സാറും അഷ്ടമുടി ജി. വേണുനാഥും ഞാനുമാണ് അതിന് നേതൃത്വം നൽകിയത്.ഒ. എൻ. വി. സാറിന്റെ ഉപദേശത്തിനായി ഞാനും കെ. എസ്. പിള്ള സാറും ഒ. എൻ. വി. സാറിന്റെ വീട്ടിലെത്തി. ചെന്നു കയറിയപാടേ സാറിന്റെ ചോദ്യം “മണിയൻ വല്ലതും കഴിച്ചോ”കെ. എസ്. പിള്ള സാറിന്റെ ചെല്ലപ്പേരാണ് മണിയൻ.
അദ്ദേഹത്തോടൊപ്പം മൂന്നോ നാലോ തവണ ഞാൻ ഒ. എൻ. വി. സാറിന്റെ വീട്ടിൽ ചെല്ലുമ്പോഴെല്ലാം ആദ്യം കേൾക്കുന്നത് ഈ ചോദ്യമാണ്. അവർ തമ്മിലുള്ള ബന്ധത്തിൻ്റെ ആഴവും ഊഷ്മളതയും ആ ഒരൊറ്റ ചോദ്യത്തിലൂടെ ഞാൻ തിരിച്ചറിഞ്ഞു.
രാമചന്ദ്രവിലാസം സ്വയം പ്രസിദ്ധീകരിക്കാൻ നാട്ടുകാർ ശ്രമിക്കുന്നത് ഒരു സാഹസമാണെന്ന് അഭിപ്രായപ്പെട്ടു. “ഇത് കേരളം മുഴുവൻ കൊണ്ടു നടന്നു വിൽക്കാനുള്ള സംവിധാനം നിങ്ങൾക്കുണ്ടോ? മഹാകാവ്യം ശരിയായി പ്രൂഫ് റീഡിങ് നടത്താൻ കഴിവുള്ളവർ കൊല്ലത്തുണ്ടോ?” സാർ ചോദിച്ചു. എന്നിട്ട് ഞങ്ങളുടെ കൈയ്യിൽ ഒരു കത്തെഴുതി ഒട്ടിച്ചു തന്നിട്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം. ആർ. തമ്പാന് കൊണ്ടു കൊടുക്കാൻ പറഞ്ഞു.
ഞങ്ങളിരുവരും കൂടി ഇൻസ്റ്റിറ്റ്യൂട്ടിൽ ചെന്നു കത്തു നൽകി. ഒ. എൻ. വി. സാർ വിളിച്ചിരുന്നെന്നും മഹാകാവ്യം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കാമെന്നും അദ്ദേഹം വാക്കു തന്നു. ഇതുവരെ ഒരു പുസ്തകത്തിനു വേണ്ടിയും സാർ ശുപാർശ ചെയ്തിട്ടില്ലെന്നും പറഞ്ഞു.
അങ്ങനെ ഒ. എൻ. വി. സാറിന്റെ അവതാരികയോടെ ആദ്യ മഹാകാവ്യത്തിന്റെ ശതാബ്ദിപ്പതിപ്പ് പുറത്തിറങ്ങി. അന്നത്തെ സാംസ്കാരിക മന്ത്രി ടി. കെ. രാമകൃഷ്ണനെ ക്ഷണിച്ചു കൊണ്ടു വന്ന് ഒ. എൻ. വി. സാറിന്റെ ആദ്യകാല പ്രസംഗങ്ങൾക്ക് വേദിയായ നടയ്ക്കാവ് മൈതാനത്തു വച്ചു തന്നെ പുസ്തക പ്രകാശനം നടത്തി.
ലേബർ ഇന്ത്യ മാസികയ്ക്കു വേണ്ടി ഒരഭിമുഖത്തിനായി മുഖ്യ പത്രാധിപരും ശാസ്ത്ര സാഹിത്യകാരനുമായ പ്രൊഫ. എസ്. ശിവദാസും ചവറ കെ. എസ്. പിള്ള സാറും ഞാനും കൂടി ‘ഇന്ദീവര’ത്തിൽ പോയി അന്ന് സാർ വേദനയോടെയും രോഷത്തോടെയും ഒരു കാര്യം പറഞ്ഞു. പാഠപുസ്തകങ്ങളിൽ സാറിന്റെ കവിത ചേർക്കുമ്പോൾ വികലമായി വെട്ടിമുറിക്കുന്നതിനെപ്പറ്റി യായിരുന്നു അത് “ഞാനിവിടെ തിരുവനന്തപുരത്ത് ഡി. പി. ഐ. ഓഫീസിനടുത്ത് ജീവനോടെ യുണ്ടല്ലോ. എങ്ങനെ മുറിക്കണമെന്ന് ഞാൻ പറഞ്ഞു കൊടുക്കുമിയിരുന്നല്ലോ “
ഒ. എൻ. വി. സാർ എഴുതിയ ഒരു ചെറു പുസ്തകമുണ്ട്. ഒരു കൈവെള്ളയിലൊതുക്കാവുന്ന പുസ്തകം. മണമ്പൂർ രാജൻ ബാബുവിന്റെ ഇന്ന് ബുക്സാണതു പ്രസിദ്ധീകരിച്ചത്. പത്തു പൂവിന്റെ ഒരു ലഘു നിരൂപണം ഞാൻ ‘വിദ്യാരംഗം’ മാസികയിലെഴുതി. അതു വായിച്ചിട്ട് സാർ എന്നെ വിളിച്ചു. “നിരൂപണം വായിച്ചു. അതറിയിക്കാൻ മാത്രം വിളിക്കുന്നു.” ഞാൻ ചോദിച്ചു. “സാറിനു സുഖമാണോ ?” “ഓ അങ്ങനെയൊക്കെപ്പോവുന്നു” ഇതാണ് ഞങ്ങൾ തമ്മിൽ നടന്ന അവസാന ആശയ വിനിമയം.
ഓ. എൻ. വി. സാറിനെ യാത്രയാക്കാൻ ഞാനും തിരുവനന്തപുരത്ത് പോയിരുന്നു. ശാന്തികവാടത്തിൽ അന്ത്യകർമങ്ങൾ നടക്കുമ്പോൾ സാറിന്റെ ഒട്ടേറെ പാട്ടുകൾ പാടിയ ഗായകസംഘം പാടിക്കൊണ്ടേയിരുന്നു “മാരിവില്ലിൻ തേന്മലരേ മാഞ്ഞു പോകയോ മാഞ്ഞുപോകയോ”
ഞാനും കവി ചാത്തന്നൂർ മോഹനും തിരക്കിൽപ്പെടാതെ ഒരു മൂലയ്ക്ക് മാറി നിൽക്കുകയായിരുന്നു. മറ്റൊരാൾ ഒറ്റയ്ക്ക് വേറൊരു മൂലയിൽ അതീവ ദുഃഖത്തോടെ നിൽക്കുന്നതു. കണ്ടു. ഇടയ്ക്കിടയ്ക്ക് കർച്ചീഫ് കൊണ്ട് കണ്ണു തുടയ്ക്കുന്നുമുണ്ട്. ജന്മം കൊണ്ട് മലയാളിയല്ലെങ്കിലും കർമ്മം കൊണ്ട് മലയാളിയായ ഒരാളായിരുന്നു അത് പേര് ഋഷി രാജ് സിങ് ഐ. പി. എസ്
സാറിന്റെ ശരീരം അഗ്നിനാളങ്ങളേറ്റു വാങ്ങുമ്പോഴും ആ ഗായകസംഘം പാടുകയായിരുന്നു. “തേന്മഴ തൂകാൻ ഉൾക്കുളിർ പാകാൻ നീ വരില്ലിനി, നീ വരില്ലിനി”

Advertisement