‘എന്റെ പരാതിയിൽ നഗ്നദൃശ്യ പ്രശ്നം എഴുതിച്ചേര്‍ത്തത്’; സിപിഎം നേതാക്കള്‍ക്കെതിരെ പരാതിക്കാരി

Advertisement

ആലപ്പുഴ: സിപിഎം ഏരിയ കമ്മിറ്റി അംഗമായിരിക്കെ അശ്ലീല വീഡിയോകളുടെ പേരിൽ പാർട്ടി പുറത്താക്കിയ എ.പി.സോണയ്ക്കെതിരെയുളള പാർട്ടി അന്വേഷണ കമ്മിഷൻ റിപ്പോർട്ട് അട്ടിമറിയെന്ന ആരോപണവുമായി പരാതിക്കാരി രംഗത്ത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടാണ് താൻ പരാതി നൽകിയത്.‌ കിട്ടാനുള്ള പണം വാങ്ങിത്തരാം എന്ന് നേതാക്കള്‍ പറഞ്ഞപ്പോള്‍ പരാതി നല്‍കി. മാവോ, വി.ജി.വിഷ്ണു എന്നിവരാണ് പരാതി എഴുതിയതെന്നും പരാതിക്കാരി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. നഗ്നദൃശ്യങ്ങള്‍ കൃത്രിമമായി തയാറാക്കിയതാണെന്നും ആരോപണമുണ്ട്. പരാതിക്കാരിയും സോണയുടെ സഹോദരിമാരും സംയുക്തമായാണ് വാർത്താ സമ്മേളനം നടത്തിയത്.

‘‘സിപിഎം മുൻ ഏരിയ കമ്മിറ്റിയംഗം വി.ജി.വിഷ്ണു, ബീച്ച് ബ്രാഞ്ച് സെക്രട്ടറി മാവോ, വിഷ്ണുവിന്റെ ഭാര്യ എന്നിവർ ചേർന്നാണ് പരാതി തയാറാക്കിയത്. വാട്സാപ്പിൽ ഒപ്പ് അയച്ചുകൊടുക്കുക മാത്രമാണ് ഞാൻ ചെയ്തത്. സോണ എന്നെയോ മകളെയോ ഉപദ്രവിച്ചിട്ടില്ല. പാർട്ടിയിൽ സോണയെ ഒതുക്കാനാണ് ഈ ഗൂഢാലോചന നടത്തിയത്. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ജില്ലാ സെക്രട്ടറി ആർ.നാസറിനും നൽകിയ പരാതി പിൻവലിച്ചു. ആത്മഹത്യയുടെ വക്കിലായ എന്റെ തൊഴിൽ നഷ്ടമായി. വാടക വീട്ടിൽ നിന്ന് കുടിയൊഴിപ്പിക്കുമെന്നും ഭീഷണിയുണ്ട്’ – പരാതിക്കാരി പറഞ്ഞു.

സിപിഎം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകൾ ശരിയല്ലെന്നും പരാതിക്കാരി വ്യക്തമാക്കി. അതേസമയം, പുറത്താക്കും മുൻപ് സോണയെ പരാതി ബോധ്യപ്പെടുത്തിയില്ലെന്ന് സോണയുടെ സഹോദരിമാർ ആരോപിച്ചു. വ്യാജ ദൃശ്യങ്ങളുടെ പേരിലാണ് നടപടി സ്വീകരിച്ചത്. ഇതിനെതിരെ പൊലീസിനും പാർട്ടിക്കും പരാതി നൽകുമെന്നും സഹോദിമാർ അറിയിച്ചു.

‘‘കുട്ടിയെക്കൊണ്ട് പരാതി എഴുതി വാങ്ങിച്ചു. അത് വായിച്ചു നോക്കിയിരുന്നില്ല. ഉപദ്രവിച്ചെന്ന രീതിയിലുള്ള പരാതി വിഷ്ണുവും മറ്റും എഴുതി ചേർത്തതാണ്. പാർട്ടി കമ്മിഷൻ അംഗങ്ങൾ നമ്മുടെ ആളുകളാണെന്നും അവർ പറഞ്ഞിരുന്നു. കുട്ടിക്കാലം മുതൽ അറിയാവുന്ന നാട്ടുകാരായതിനാലാണ് സോണ വാങ്ങിയ 1.50 ലക്ഷം രൂപ തിരികെ കിട്ടാൻ അവരെ സമീപിച്ചത്. പണത്തിന്റെ കാര്യം മാത്രം എഴുതിയാൽ പണം കിട്ടില്ലെന്നും വിഷ്ണുവും സംഘ പറഞ്ഞു’ – പരാതിക്കാരി ആരോപിച്ചു. കിട്ടാനുള്ള തുകയിൽ ഇനി 50,000 രൂപ കൂടിയേ കിട്ടാനുള്ളൂവെന്നും, ബാക്കി പരാതിക്കു ശേഷം പലതവണയായി സോണ തന്നുവെന്നും പരാതിക്കാരി വ്യക്തമാക്കി.

Advertisement