ചേച്ചിയില്ലാതെ വീട്ടില്‍ പോണ്ടാ, ഈ അനിയത്തിയുടെ കഥ കേട്ടവരെക്കൂടി കരയിക്കുന്നു

Advertisement

അടിമാലി: പണിക്കന്‍കൂടി കൊമ്പോടിഞ്ഞാലില്‍ വീടിന് സമീപത്തെ പാറക്കുളത്തില്‍ ചേച്ചിക്ക് കൂട്ടായി വിട പറഞ്ഞ അനുജത്തിയുടെ കഥ അറിഞ്ഞവരെ കരയിക്കുന്നു.
കരയിലായിരുന്ന കുഞ്ഞനുജത്തി ചേച്ചിയെ രക്ഷിക്കുന്നതിനായി കുളത്തിലേക്കു ചാടുകയായിരുന്നു.

ബുധനാഴ്ച വൈകുന്നേരം നാലോടെ സ്‌കൂളില്‍ നിന്നും മടങ്ങിയെത്തിയ ആന്‍മരിയയും അമയയും അമ്മയുടെ അമ്മ എല്‍സമ്മയോടും എല്‍സമ്മയുടെ ഭര്‍തൃ സഹോദരി അമ്മിണിയുടെയും കൂടെയാണ് വീടിന് സമീപമുള്ള പാറക്കുളത്തില്‍ തുണി അലക്കാനായി എത്തിയത്.

വേനല്‍ കടുത്തതിനാല്‍ ജലക്ഷാമം ആയതോടെയാണ് തുണിയലക്കാന്‍ ഇവര്‍ അധികം ഉപയോഗിക്കാറില്ലാത്ത കുളത്തിലേക്ക് പോയത്. ഇവിടെയെത്തി തുണി അലക്കുന്നതിനിടെ ആന്‍മരിയ (11) കുളത്തിന്റെ ആഴമുള്ള ഭാഗത്തേക്ക് വീണു. ഉടന്‍ മുത്തശ്ശി എല്‍സമ്മ (50)യും പുറകെ ചാടി.

ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന അമ്മിണി ഇവരെ രക്ഷിക്കുന്നതിനായി ആളുകളെ എത്തിക്കാന്‍ ബഹളം ഉണ്ടാക്കുന്നതിനിടെ അമയയെ കൈയില്‍ പിടിച്ചിരുന്നു. എന്നാല്‍, എപ്പോഴും കൂടെയുള്ള ചേച്ചി ഇല്ലാതെ താന്‍ വരില്ലെന്നു നിര്‍ബന്ധം പിടിച്ച അമയ, അമ്മിണി ആളുകളെ കൂട്ടുന്നതിനായി മാറിയതോടെ ചേച്ചിയെ രക്ഷിക്കാന്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. ഇതോടെ മൂവരും വെള്ളത്തില്‍ മുങ്ങി.

സദാസമയവും ഒരുമിച്ച് ആയിരുന്ന സഹോദരിമാര്‍ അങ്ങനെ മരണത്തിലും ഒരുമിച്ച് ആയതിന്റെ ദുഃഖത്തിലാണ് പ്രദേശവാസികളും.

Advertisement