ആനുകൂല്യം നല്‍കാന്‍ 8 കോടി വേണമെന്ന് കെഎസ്ആര്‍ടിസി; സ്വത്ത് വില്‍ക്കൂവെന്ന് ഹൈക്കോടതി

Advertisement

കൊച്ചി: കെഎസ്ആർടിസി ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യത്തിന് തുക മാറ്റിവയ്ക്കാത്തത് ചോദ്യം ചെയ്ത് ഹൈക്കോടതി. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്നത് കോടതി ഉത്തരവാണെന്ന് ഓർമിപ്പിച്ച കോടതി, അത് നിര്‍ത്തിയത് ആരോട് ചോദിച്ചിട്ടെന്ന് ആരാഞ്ഞു. ഏപ്രിൽ മുതൽ വീണ്ടും മാറ്റിവയ്ക്കാമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. എന്നാൽ, മാർച്ച് മുതൽ നിർബന്ധമായും മാറ്റിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. വിരമിച്ച ജീവനക്കാർക്കുള്ള ആനുകൂല്യവിതരണ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ എട്ട് കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഇറക്കരുതെന്ന് അപേക്ഷിച്ച കെഎസ്ആർടിസി, ശമ്പളം നൽകാൻ ഇപ്പോഴും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു. എന്നാൽ, 10 മാസംകൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽകിക്കൂടെയെന്ന് ചോദിച്ച കോടതി, വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്ന് പറഞ്ഞു. ആനുകൂല്യം നൽകാൻ പറ്റിയില്ലെങ്കിൽ വിരമിക്കാൻ അനുവദിക്കാതെ നിലനിർത്തൂ. വിരമിച്ചവർക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനകം കെഎസ്ആർടിസി നൽകണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ബാക്കി തുക മുൻഗണന അനുസരിച്ച് അതിനുശേഷം നൽകണമെന്നും കോടതി വ്യക്തമാക്കി.

Advertisement