പുതിയ സിനിമകൾ:ഓ മൈ ഡാർലിംഗ്, അറ്റ് ;വിശേഷങ്ങൾ ഇങ്ങനെ

Advertisement

തിരുവനന്തപുരം:
പുതുതലമുറയുടെ പ്രണയത്തിന്റെ കഥ പറയുന്ന ചിത്രമാണ് ‘ഓ മൈ ഡാര്‍ലിംഗ്’. ബാലതാരമായി എത്തി മലയാളി സിനിമാപ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനിഖ സുരേന്ദ്രന്‍ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഇത്. ചിത്രത്തിലെ ഡാര്‍ലിംഗ് എന്ന ഗാനം പുറത്തു വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. കൊറിയന്‍ ഗായികയായ ലിന്‍ഡ ക്വെറോ ആണ് പാട്ടിന്റെ രചനയും ആലാപനവും. യുവതലമുറയ്ക്ക് ആവശ്യമായ എല്ലാ ചേരുവകളും ചേര്‍ത്താണ് ഗാനം ഒരുക്കിയിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ടീസറും ട്രെയിലറും ശ്രദ്ധിക്കപ്പെട്ടിരുന്നു. ആല്‍ഫ്രഡ് ഡി സാമുവലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആഷ് ട്രീ വെഞ്ച്വേഴ്‌സിന്റെ ബാനറില്‍ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിര്‍മിക്കുന്നത്. ജിനീഷ് കെ ജോയ് ആണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. മെല്‍വിന്‍ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവന്‍, ശ്രീകാന്ത് മുരളി, നന്ദു, ഡെയ്ന്‍ ഡേവിസ്, ഫുക്രു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സംഗീത പകരുന്നത് ഷാന്‍ റഹ്‌മാനാണ്.
ഇന്റര്‍നെറ്റിലെ ഡാര്‍ക്ക് വെബ്ബിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ടെക്‌നോ ത്രില്ലര്‍ ചിത്രം ‘അറ്റി’ന്റെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കരിയറില്‍ തന്നെ ഏറെ വ്യത്യസ്തമായ വേഷ പകര്‍ച്ചയോടെ എത്തുന്ന ഷാജു ശ്രീധറിന്റെ സംഭാഷണ ശകലത്തോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. നവാഗതനായ ആകാശ് സെന്‍ ആണ് ചിത്രത്തിലെ നായകനാവുന്നത്. ചിത്രത്തിലെ നായിക റേച്ചല്‍ ഡേവിഡിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഉണ്ടാക്കി അണിയറ പ്രവര്‍ത്തകര്‍ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ ആദ്യമായിട്ടാണ് ഡാര്‍ക്ക് വെബ്ബിനെ അടിസ്ഥാനമാക്കി ഒരു ചിത്രം ഒരുങ്ങുന്നത്. മലയാളത്തിലെ ആദ്യ എച്ച്ഡിആര്‍ ഫോര്‍മാറ്റില്‍ ഇറങ്ങിയ ടീസറാണ് അറ്റിന്റെത്. ഇന്ത്യയില്‍ ആദ്യമായി റെഡ് വി റാപ്ടര്‍ കാമറയില്‍ പൂര്‍ണ്ണമായി ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ ചിത്രമെന്ന ഖ്യാതിയും ചിത്രത്തിനുണ്ട്. ആകാശ് സെന്‍, ഷാജു ശ്രീധര്‍ എന്നിവവര്‍ക്ക് പുറമെ കന്നഡയിലെ ഹിറ്റ് ചിത്രങ്ങളായ മനസ്മിത, കെ.ടി.എം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയ ആയ സഞ്ജനയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ശരണ്‍ജിത്ത്, ബിബിന്‍ പെരുമ്പള്ളി, റേച്ചല്‍ ഡേവിഡ്,നയന എല്‍സ, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മണ്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Advertisement