പൃഥ്വിരാജിന് ഒരിക്കലും മോഹൻലാൽ ആകാൻ സാധിക്കില്ലെന്ന് സംവിധായകൻ ഭദ്രൻ. വെള്ളിത്തിര സിനിമ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് പൃഥ്വിരാജില്‍ കാണുന്നുണ്ടെന്ന് മാത്രമാണ് താന്‍ പറഞ്ഞതെന്ന് ഭദ്രൻ പറഞ്ഞു. മോഹൻലാലിന്റേത് മാത്രമല്ല മമ്മൂട്ടിയുടെയും പകരക്കാരനാകാൻ പൃഥ്വിരാജിന് സാധിക്കില്ലെന്നും സംവിധായകൻ പറഞ്ഞു.
“വെള്ളിത്തിര സിനിമ ഇറങ്ങിയപ്പോള്‍ മോഹന്‍ലാലിന് പകരക്കാരനായിട്ട് ഒരു നടനെ കൊണ്ടുവരുന്നു എന്ന് പറഞ്ഞാണ് പൃഥ്വിരാജിനെ പരിചയപ്പടുത്തിയത്. പക്ഷേ ആളുകള്‍ മനസിലാക്കുന്ന വേഡ് കപ്പാസിറ്റിയില്‍ അല്ല ഞാന്‍ അത് പറഞ്ഞത്. ഒരിക്കലും മോഹന്‍ലാലിന് പൃഥ്വിരാജ് ഒരു പകരക്കാരനാവില്ല. അതെങ്ങനെ ആവാനാണ്. മോഹന്‍ലാലിനെയൊക്കെ പോലെ നന്നായി വരാന്‍ സാധ്യതയുള്ള ഒരു ഗ്രാഫ് ഞാന്‍ പൃഥ്വിരാജിൽ കാണുന്നുണ്ടെന്നാണ് പറഞ്ഞത്. അത് ശരിയാണ്. അവന്‍റെ സെക്കൻ്റ് ഫിലിമായിരുന്നു വെള്ളിത്തിര. ഇന്നയാൾ എവിടെ എത്തിനിൽക്കുന്നു. അയാള്‍ക്ക് എങ്ങനെ മോഹന്‍ലാല്‍ ആവാന്‍ കഴിയും. തലകുത്തി നിന്നാല്‍ പോലും പൃഥ്വിരാജിന് മോഹന്‍ലാലിനെ പോലെ ആകാന്‍ കഴിയില്ല. അതുപോലെ പൃഥ്വിരാജിന് മമ്മൂട്ടിയാവാനും കഴിയില്ല. മമ്മൂട്ടിയൊക്കെ ഒരു ബ്ലോക്കിലേക്ക് കയറി നിന്നാൽ അവിടെ മുഴുവൻ പ്രസരണം ചെയ്യുകയല്ലേ. അയാൾ ചില വേഷപ്പകർച്ചയിലൂടെ സ്ക്രീനിൽ വന്ന് നിൽക്കുമ്പോൾ അയാൾ ആവാഹിക്കുന്ന ഒരു ശക്തിയുണ്ട്. അതൊരു പ്രസരണം ആണ്. അതുതന്നെയാണ് മോഹൻലാലും. ചില വേഷങ്ങൾ മോഹൻലാലിനെ ചെയ്യാനാകൂ”, എന്നായിരുന്നു ഭദ്രന്റ വാക്കുകൾ. കാൻ ചാനൽ മീഡിയയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം.
‘ബഹിഷ്‌കരണാഹ്വാനങ്ങളും മണ്ടന്‍ പ്രസ്താവനകളും തുണച്ചു’: പഠാൻ വിജയത്തിൽ വിവേക് അഗ്നിഹോത്രി
അതേസമയം, ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം പുത്തന്‍ സാങ്കേതിക മികവില്‍ റിലീസ് ചെയ്ത് തിയറ്ററുകളില്‍ മുന്നേറുകയാണ്. റീമാസ്റ്ററിംഗിനു മാത്രമായി ചിത്രത്തിന് ചെലവായത് 2 കോടിയാണ്. എന്നാല്‍ പബ്ലിസിറ്റി, സാറ്റലൈറ്റ് സര്‍വ്വീസ് പ്രൊവൈഡര്‍ക്ക് നല്‍കേണ്ട തുക എല്ലാം ചേര്‍ത്ത് റീ റിലീസിന് 3 കോടിക്ക് മുകളില്‍ ചെലവായിട്ടുണ്ടെന്നാണ് വിവരം. കേരളത്തില്‍ റിലീസ് ചെയ്യപ്പെട്ട 160 സ്ക്രീനുകളില്‍ നിന്ന് മാത്രം ആദ്യ നാല് ദിനങ്ങളില്‍ ചിത്രം 3 കോടിക്ക് മുകളില്‍ നേടി, ചെലവ് തുക തിരിച്ച്പിടിച്ചു കഴിഞ്ഞു.