സ്കൂൾ ഏകീകരണം: ഡിഡിക്കു പകരം ഇനി ജോയിന്റ് ഡയറക്ടർ

Advertisement

തിരുവനന്തപുരം: ഖാദർ കമ്മിറ്റി ശുപാർശകൾ പ്രകാരം പ്രീപ്രൈമറി മുതൽ ഹയർ സെക്കൻഡറി തലം വരെയുള്ള സ്കൂൾ ഏകീകരണം നടപ്പാകുമ്പോൾ ജില്ലകളിലെ ഡപ്യൂട്ടി ഡയറക്ടർ തസ്തിക ഇല്ലാതാകും; ജോയിന്റ് ഡയറക്ടറാകും പകരമുണ്ടാകുക. ജില്ലാ വിദ്യാഭ്യാസ ഓഫിസ് (ഡിഇഒ), ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ് (എഇഒ) എന്നിവയ്ക്കു പകരം ബ്ലോക്ക്, കോർപറേഷൻ തലങ്ങളിലായി സ്കൂൾ എജ്യുക്കേഷൻ ഓഫിസുകൾ (എസ്ഇഒ) നിലവിൽ വരും. വിദ്യാഭ്യാസ പദ്ധതി പ്രവർത്തനങ്ങളുടെ നടത്തിപ്പിനും ഏകോപനത്തിനുമായി പഞ്ചായത്ത് വിദ്യാഭ്യാസ ഓഫിസർ തസ്തികയും വന്നേക്കും. ഹയർ സെക്കൻഡറി മേഖലാ (ആർഡിഡി) ഓഫിസുകളും വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടർ ഓഫിസുകളും ഇല്ലാതാകും.

ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നതിന്റെ ഭാഗമായി സർക്കാർ രൂപീകരിച്ച പ്രത്യേക സെൽ വിദ്യാഭ്യാസ ഓഫിസർമാർക്കായി സംഘടിപ്പിച്ച ശിൽപശാലയിലാണ് ഇക്കാര്യങ്ങളിൽ ധാരണയായത്. ശുപാർശകൾ വൈകാതെ സർക്കാരിനു സമർപ്പിക്കും.

മുനിസിപ്പൽ പരിധിയിലുള്ള സ്കൂളുകൾ തൊട്ടടുത്ത ബ്ലോക്ക് കേന്ദ്രീകരിച്ചുള്ള എസ്ഇഒയുടെ പരിധിയിലാകും.

അധ്യാപകർ മുതൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വരെയുള്ള തസ്തികകളുടെ ശ്രേണീക്രമീകരണവും ചുമതലകളുടെ ക്രോഡീകരണവും പ്രത്യേക സെല്ലിന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്. സ്ഥാനക്കയറ്റ തസ്തിക സംബന്ധിച്ച മാപ്പിങ്ങും ഇതിന്റെ ഭാഗമാണ്.

ഏകീകരണം ജൂണിൽ പ്രാബല്യത്തിൽ വരുത്താൻ ലക്ഷ്യമിട്ടാണു നടപടികൾ. ഏകീകൃത വകുപ്പിനായി സ്പെഷൽ റൂൾസ്, കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ (കെഇആർ) ഭേദഗതി, തസ്തികകൾ തുടങ്ങിയവ സംബന്ധിച്ച പരിശോധനയും പുരോഗമിക്കുന്നു. നിലവിൽ ഡയറക്ടറേറ്റ് തലത്തിൽ മാത്രം നടത്തുന്ന അക്കാദമിക് മേൽനോട്ടം എസ്ഇഒ തലം മുതൽ നടപ്പാക്കാനും ധാരണയായി.

നേരത്തേ പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി, വിഎച്ച്എസ്ഇ ഡയറക്ടറേറ്റുകൾ ലയിപ്പിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് എജ്യുക്കേഷൻ (ഡിജിഇ) രൂപീകരിച്ചിരുന്നു. ഹൈസ്കൂളും ഹയർ സെക്കൻഡറി സ്കൂളും ഒന്നിച്ചുള്ളിടങ്ങളിൽ ഹയർ സെക്കൻഡറി പ്രിൻസിപ്പലിനെ സ്ഥാപന മേധാവിയായി നിശ്ചയിച്ചിരുന്നു.

ഹൈസ്കൂൾ പ്രഥമാധ്യാപക തസ്തിക വൈസ് പ്രിൻസിപ്പൽ എന്നാക്കി മാറ്റുകയും ചെയ്തു. തദ്ദേശ വകുപ്പിൽ 5 വകുപ്പുകളുടെ ഏകീകരണം നടപ്പാക്കിയപ്പോഴും ജോയിന്റ് ഡയറക്ടർ ജില്ലാ അധികാരിയായി മാറിയിരുന്നു.