വിദ്യാർഥികൾക്ക് ‘കറുപ്പ്’ വിലക്ക്; അതേ വേദിയിൽ കറുപ്പ് ഷർട്ട് ധരിച്ച് മന്ത്രി റിയാസ്

Advertisement

കോഴിക്കോട്: കറുപ്പിന് വിലക്കേർപ്പെടുത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ കറുത്ത ഷർട്ട് ധരിച്ച് മന്ത്രി മുഹമ്മദ് റിയാസ്. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിലെ വിദ്യാർഥികളോടു കറുത്ത വസ്ത്രവും മാസ്കും ഉപയോഗിക്കരുതെന്ന് അധികൃതര്‍ നിർദേശം നൽകിയിരുന്നു.

ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടനം ചെയ്യാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിൽ എത്തിയത്. പരിപാടി നടക്കുന്ന വേദിയിലും പുറത്തും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയത്. കറുത്ത വസ്ത്രമോ മാസ്കോ ധരിക്കുന്നതിൽനിന്നു വിദ്യാർഥികളെ വിലക്കുകയും ചെയ്തിരുന്നു. ഐഡി കാർഡോ പരിപാടിയുടെ ടാഗോ ഇല്ലാത്തവർക്കു പ്രവേശനവും നിഷേധിച്ചിരുന്നു. ഇതിനിടെയാണ് മുഖ്യമന്ത്രിക്കൊപ്പം പരിപാടിയിൽ പങ്കെടുക്കാനെത്തിയ മന്ത്രി റിയാസ് കറുത്ത ഷർട്ട് ധരിച്ചെത്തിയത്.