കണ്ണൂർ; വിവാദ ഫെയ്സ്ബുക് പോസ്റ്റുമായി ആകാശിന്റെ കൂട്ടാളി ജിജോ തില്ലങ്കേരി. ഒരു മാസത്തിനിടെ ഞങ്ങളിലൊരാൾ കൊല്ലപ്പെട്ടേക്കാമെന്നാണ് ജിജോ തില്ലങ്കേരി സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ പറയുന്നത്. 20 മിനിറ്റിനുശേഷം പോസ്റ്റ് ഡിലീറ്റ് ചെയ്തെങ്കിലും പിന്നീട് വീണ്ടും കുറിപ്പ് ഇടുകയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ തുടരുന്ന വെല്ലുവിളി വീണ്ടും തുടരുകയാണ് ആകാശ് തില്ലങ്കേരിയും കൂട്ടരുമെന്നാണ് ഇതു നൽകുന്ന സൂചന.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ഞങ്ങളിൽ ഒരാൾ ഒരു മാസം കൊണ്ട് കൊല്ലപ്പെടും
……ഉത്തരവാദി പാർട്ടി അല്ല …..
മുതലെടുപ്പ് നടത്തി ലാഭം കൊയ്യാൻ രാഷ്ട്രീയ എതിരാളികൾ Rss ഉം മറ്റും ശ്രമിക്കുന്നുണ്ടെന്ന് ഉറപ്പ്
-ഞങ്ങളുടെ കൊലപാതകത്തിൻ്റെ പാപക്കറ കൂടി ഈ പാർട്ടിയുടെ മേൽ കെട്ടിവച്ച് വേട്ടയാടരുതെന്ന് മാധ്യമങ്ങളോട് അപേക്ഷിക്കുന്നു –
“ഞങ്ങളുടെ ശവം നോക്കി ഒരു നിമിഷം പോലും പാർട്ടിയെ തെറ്റിദ്ധരിക്കരുത് ”
സിപിഎം പ്രാദേശിക നേതൃത്വത്തെ പ്രതിക്കൂട്ടിൽ നിർത്തിയാണ് ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി ഫെയ്സ്ബുക് പോസ്റ്റിലൂടെ ആദ്യം രംഗത്തുവന്നത്. പാർട്ടിയുടെ സംരക്ഷണം ലഭിക്കാതായതോടെയാണു ക്വട്ടേഷൻ സംഘങ്ങളിലേക്കു വഴിമാറിപ്പോയതെന്നും തെറ്റുതിരുത്തിക്കാൻ ആരും ശ്രമിച്ചില്ലെന്നും ഡിവൈഎഫ്ഐ മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി സരീഷ് പൂമരത്തിന്റെ ഫെയ്സ്ബുക് പോസ്റ്റിനു മറുപടിയായുള്ള കുറിപ്പിൽ പറയുന്നുണ്ട്. ആഹ്വാനം ചെയ്തവർക്കു പാർട്ടി സഹകരണ സ്ഥാപനങ്ങളിൽ ജോലിയും നടപ്പിലാക്കിയവർക്കു പട്ടിണിയും പടിയടച്ചു പിണ്ഡം വയ്ക്കലുമാണെന്നും തെറ്റുതിരുത്താനുള്ള ഇടപെടൽ പാർട്ടിയുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നും ഫെയ്സ്ബുക് പോസ്റ്റിൽ വ്യക്തമാക്കി.
‘പലതിലും ഞങ്ങളെ കൊണ്ടുചാടിച്ചവനാണു സരീഷ്, പലരും വായടച്ചതു കൊണ്ടു മാത്രം പുറത്തിറങ്ങി നടക്കുന്നു’ വെന്നും പറയുന്നു. പല ആഹ്വാനങ്ങളും തരും. കേസ് വന്നാൽ തിരിഞ്ഞുനോക്കില്ല. പട്ടിണിയിൽ കഴിയുമ്പോഴും വഴിതെറ്റാതിരിക്കാൻ ശ്രമിച്ചിരുന്നു. ആത്മഹത്യ മാത്രം മുന്നിലെന്നു വ്യക്തമായപ്പോഴാണു പല വഴിക്കു സഞ്ചരിച്ചതെന്നും കുറിപ്പിലുണ്ട്. ഇതിനുപിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ പ്രതിചേർക്കപ്പെടുകയും ആകാശ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുക്കുകയും ചെയ്തു.