കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്റെ വഴികളിൽ കറുപ്പിനു വീണ്ടും വിലക്ക്. സിപിഎം മുൻ എംഎൽഎയുടെ മരണവീടിനു സമീപം കെട്ടിയ കറുത്ത കൊടി പോലും പൊലീസ് അഴിപ്പിച്ചു. കണ്ണൂരിൽ ഇന്നലെ പുലർച്ചയോടെ വീട്ടിൽ ഉറങ്ങിക്കിടന്ന രണ്ട് യൂത്ത് ലീഗ് പ്രവർത്തകരെ പൊലീസ് കരുതൽതടങ്കലിലാക്കി. ചാലിൽ കല്ലൂക്കാരന്റവിട കെ.ആർ.മുനീർ (42), മാക്കിട്ടപുരയിൽ വി. മുനീർ (36) എന്നിവരെ മുഖ്യമന്ത്രി കോഴിക്കോട്ടേക്കു പുറപ്പെട്ടശേഷമാണ് വിട്ടയച്ചത്.
രാവിലെ മീഞ്ചന്ത ഗവ. ആർട്സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസിലാണ് മുഖ്യമന്ത്രി ആദ്യം പങ്കെടുത്തത്. ഇവിടെ കറുത്ത വസ്ത്രവും മാസ്‌ക്കും ഒഴിവാക്കാൻ കോളജ് അധികൃതർ വിദ്യാർഥികൾക്കു നിർദേശം നൽകിയിരുന്നു. എന്നാൽ കോളജ് അധികൃതരോട് ഇങ്ങനെ ആവശ്യപ്പെട്ടിട്ടില്ലെന്നു പൊലീസ് പറയുന്നു. ചടങ്ങിനെത്തിയവരുടെ ബാഗ് ഉൾപ്പെടെ പരിശോധിച്ചു. കോളജ് ഐഡന്റിറ്റി കാർഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പ്രവേശിപ്പിച്ചില്ല. മാധ്യമപ്രവർത്തകരെയും തടയാൻ ശ്രമിച്ചു. കെഎസ്‌യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി.സൂരജ്, എലത്തൂർ ബ്ലോക്ക് പ്രസിഡന്റ് എം.പി.രാഗിൻ എന്നിവരെ മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽനിന്നു കസ്റ്റഡിയിലെടുത്തു കരുതൽതടങ്കലിലാക്കിയിരുന്നു.
കഴിഞ്ഞദിവസം അന്തരിച്ച സിപിഎം മുൻ എംഎൽഎ സി.പി.കുഞ്ഞുവിന്റെ ഫ്രാൻസിസ് റോഡിലെ വീട്ടിൽ മുഖ്യമന്ത്രി ഉച്ചയ്ക്കെത്തി. ഇതിനു തൊട്ടുമുൻപാണ് ജംക്‌ഷനിൽ കുഞ്ഞുവിന്റെ വീട്ടിലേക്കു തിരിയുന്ന ഭാഗത്ത് പോസ്റ്റിൽ കെട്ടിയിരുന്ന കറുത്ത കൊടി സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപെട്ടത്. മരണവിവരം അറിയിക്കുന്ന ബോർഡിനു മുകളിലുള്ള കൊടി പൊലീസ് ഉടൻ അഴിച്ചുമാറ്റി. കോഴിക്കോട് ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദിന്റെ പിതാവാണ് കുഞ്ഞു.
രാത്രി ഏഴോടെ കോഴിക്കോട് മിനി ബൈപ്പാസിൽ കാരപ്പറമ്പിനും എരഞ്ഞിപ്പാലത്തിനുമിടയ്ക്കുവച്ച് കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. വാഹന വ്യൂഹത്തിനുനേരെ പാഞ്ഞടുത്ത സനോജ് കുരുവട്ടൂർ, റനീസ് മുണ്ടിയത്ത്, റിഷികേശ് എന്നീ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
ഇതിനു തൊട്ടുമുൻപ് ഈസ്റ്റ്ഹിൽ ഗെസ്റ്റ്ഹൗസിനു മുന്നിൽ പ്രതിഷേധവുമായെത്തിയ ഫായിസ് നടുവണ്ണൂർ, അർജുൻ പൂരത്തിൽ എന്നീ കെഎസ്‌യു പ്രവർത്തകരെയും യുവമോർച്ച ജില്ലാകമ്മിറ്റി അംഗം കെ. വൈഷ്ണവേഷ്, ഒളവണ്ണ മണ്ഡലം പ്രസിഡന്റ് പി.സബിൻ എന്നിവരെയും കരുതൽതടങ്കലിലാക്കി. കോഴിക്കോട്ട് ഇന്നലെ 212 പൊലീസുകാരെയാണു നിയോഗിച്ചത്. മറ്റു ജില്ലകളിൽ 200 പേരായിരുന്നു.
അമ്പരപ്പിച്ച് റിയാസിന്റെ ഷർട്ട്
കറുപ്പിന് വിലക്കുണ്ടായിരുന്ന മീഞ്ചന്ത ആർട്സ് കോളജിലെ ജൈവവൈവിധ്യ കോൺഗ്രസ് ഉദ്ഘാടന വേദിയിൽ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ ഷർട്ട് ആശയക്കുഴപ്പമുണ്ടാക്കി. കറുപ്പാണെന്ന് ഒറ്റനോട്ടത്തിൽ തോന്നുന്ന ഇരുണ്ട നിറത്തിലുള്ള ഷർട്ടാണ് റിയാസ് ധരിച്ചിരുന്നത്.