പുളിമാന പരമേശ്വരന്‍പിള്ള അനുസ്‌മരണം നാളെ

Advertisement

ചവറ: പ്രശസ്‌ത സാഹിത്യകാരനും സമത്വ വാദി നാടകത്തിന്റെ കര്‍ത്താവുമായ പുളിമാന പരമേശ്വരന്‍ പിള്ളയുടെ അനുസ്‌മരണം അദ്ദേഹത്തിന്റെ 75മത്‌ ചരമവാര്‍ഷിക ദിനമായ ഫെബ്രുവരി 22ന്‌ വൈകിട്ട് അഞ്ചിന് നടക്കും. പുളിമാന സ്‌മാരക സമിതിയുടെ ആഭിമുഖ്യത്തില്‍ ചവറ ജിഎച്ച്‌എസ്‌എസ്‌ അങ്കണത്തില്‍ വച്ചാണ്‌ പരിപാടികള്‍.

നവീന ഭാവുകത്വം തുളുമ്പുന്ന ചിന്തയും ഭാഷയും ആവിഷ്‌ക്കാര രീതിയും ഉള്‍ക്കൊള്ളുന്ന പ്രശസ്‌തങ്ങളായ അനവധി ചെറുകഥകളും വിഷാദാത്മകതയുടെ വിവിധ തലങ്ങളിലൂടെ സഞ്ചരിക്കുന്ന നിരവധി കവിതകളും ഉയര്‍ന്ന ചിന്തയും ഉദാത്ത നിരീക്ഷണങ്ങളും കൊ്‌ണ്ട്‌ സമ്പന്നമായ നിരവധി ലേഖനങ്ങളും കേവലം മുപ്പത്തിമൂന്ന്‌ വയസിനുള്ളില്‍ എഴുതി മലയാള ഭാഷയ്‌ക്ക്‌ സമ്മാനിച്ച അദ്ദേഹം 1948 ഫെബ്രുവരി 22നാണ്‌ അന്തരിച്ചത്‌.

ചങ്ങുമ്പുഴ കൃഷ്‌ണപിള്ള, ഇടപ്പള്ളി രാഘവന്‍പിള്ള, തകഴി ശിവശങ്കരപിള്ള, പൊന്‍കുന്നം വര്‍ക്കി, പി കേശവദേവ്‌, ലളിതാംബിക അന്തര്‍ജ്ജനം, ടി എന്‍ ഗോപിനാഥന്‍ നായര്‍, തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നാഗവള്ളി ആര്‍എസ്‌ കുറുപ്പ്‌, പ്രൊഫ എസ്‌ ഗുപ്‌തന്‍നായര്‍ എന്നിവരുടെ സമകാലിനനും സുഹൃത്തുമായിരുന്നു

ചവറ കെ എസ്‌ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിള അനില്‍കുമാര്‍ സ്വാഗതം ആശംസിക്കും, ഡോ സുജിത്ത്‌ വിജയന്‍പിള്ള എംഎല്‍എ ആമുഖ പ്രഭാഷണം നടത്തും. സംസ്‌കൃത സര്‍വകലാശാല മുന്‍ പ്രൊവൈസ്‌ ചാന്‍സലര്‍ ഡോ കെഎസ്‌ രവികുമാര്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.

സമത്വവാദി നാടകത്തിന്റെ നിരീക്ഷണം ഭാരത്‌ ഭവന്‍ മെമ്പര്‍ സെക്രട്ടറിയും നാടക പ്രവര്‍ത്തകനുമായ പ്രമോദ്‌ പയ്യന്നൂര്‍ നടത്തും. നാടക പ്രവര്‍ത്തകന്‍ പി ജെ ഉണ്ണിക്കൃഷ്‌ണന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന പി എന്നിവര്‍ ആശംസകള്‍ നേരും. തുടര്‍ന്ന്‌ ഇടം ശാസ്‌താംകോട്ടയുടെ ആര്‍ട്ടിക്‌ എന്ന നാടകവും അരങ്ങേറും,

Advertisement

2 COMMENTS

Comments are closed.