നഗരത്തില്‍ കേബിൾ കുരുങ്ങി വീണ്ടും അപകടം,അഭിഭാഷകന് കാലിനും കഴുത്തിനും പരിക്ക്

Advertisement

കൊച്ചി. നഗരത്തില്‍ കേബിൾ കുരുങ്ങി വീണ്ടും അപകടം. കാലിനും കഴുത്തിനും പരിക്കേറ്റ പരിക്കേറ്റ അഡ്വ. കുര്യൻ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ എംജി റോഡിലായിരുന്നു അപകടം. അതേസമയം പൊട്ടിവീണ കേബിളുകൾ കെഎസ്ഇബി യുടേതെന്നും ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു എന്നുമാണ് കൊച്ചി മേയർ എം അനിൽ കുമാറിന്റെ വിശദീകരണം.

ബാംഗ്ലൂരിൽ പഠിക്കുന്ന മകളെ റെയിൽവേ സ്റ്റേഷനിൽ ഇറക്കി തിരികെ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അഭിഭാഷകനായ കുര്യൻ അപകടത്തിൽ പെട്ടത്. അലക്ഷ്യമായി കിടന്ന കേബിൾ കഴുത്തിൽ കുരുങ്ങി ഇരുചക്ര വാഹനത്തിൽ നിന്നും മറിഞ്ഞു വീഴുകയായിരുന്നു. പരിക്കേറ്റ കുര്യൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ കഴുത്തിൽ മുറിവും കാലിന് പൊട്ടലും ഉണ്ട്. പിറകിൽ ഉണ്ടായിരുന്ന വാഹനത്തിന് അടിയിൽ പെടാതെ രക്ഷപെട്ടത് തല നാരിഴയ്ക്കെന്ന് കുര്യന്റെ ഭാര്യ.

പൊട്ടിവീണ കേബിളുകൾ കെഎസ്ഇബി യുടേതെന്നും ഇവ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു എന്നുമാണ് കൊച്ചി മേയർ എം അനിൽ കുമാറിന്റെ പക്ഷം. തദേശ സ്ഥാപനങ്ങളെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും മേയർ.

കൊച്ചിയിൽ കേബിൾ കുടുങ്ങി അപകടം തുടർക്കഥയായതോടെ മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ചൊവ്വാഴ്ച യോഗം ചേരുകയും അപകടകരമാം വിധത്തിലുള്ള കേബിളുകൾ എത്രയും വേഗം മാറ്റാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് വീണ്ടും അപകടം.

Advertisement