തിരുവനന്തപുരം: നാല് വർഷമായി കോർപറേഷനു കെട്ടിട നികുതി നൽകാതെ രാജ്ഭവൻ. നികുതിയിനത്തിൽ കോർപറേഷനു രാജ്ഭവൻ നൽകാനുള്ളത് 7,26,012 രൂപ. 2018– 2019 സാമ്പത്തിക വർഷത്തിലെ രണ്ടാം അർധ വർഷം മുതൽ രാജ്ഭവൻ നികുതി ഒടുക്കുന്നില്ലെന്ന് തിരുവനന്തപുരം കോർപറേഷന്റെ പരിശോധനയിൽ കണ്ടെത്തി. കുടിശിക തുക ഒടുക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവൻ ഉൾപ്പെടെയുള്ളവർക്ക് ഉടൻ നോട്ടിസ് നൽകുമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു.
കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ ടെലികോം വകുപ്പാണ് കൂടുതൽ നികുതി കുടിശിക വരുത്തിയിട്ടുള്ളത്. വകുപ്പിനു കീഴിലുള്ള വിവിധ ഓഫിസ് കെട്ടിടങ്ങൾ വരുത്തിയിട്ടുള്ളത് 67.32 ലക്ഷം രൂപയുടെ കുടിശിക. സംസ്ഥാന സർക്കാർ ഓഫിസുകളിൽ ഏറ്റവും കൂടുതൽ നികുതി നൽകാനുള്ളത് ജല അതോറിറ്റിയാണ്. അതോറിറ്റിയുടെ കീഴിലുള്ള വിവിധ ഓഫിസുകൾ നൽകാനുള്ളത് 5 കോടി 48 ലക്ഷം രൂപ. ജല ഭവൻ മാത്രം 5.18 ലക്ഷം നൽകണം.
സംസ്ഥാന സർക്കാരിനു കീഴിലുള്ള ശാസ്ത്ര ഭവൻ 20 വർഷമായി കെട്ടിട നികുതി നൽകുന്നില്ലെന്നാണ് കോർപറേഷന്റെ കണ്ടെത്തൽ. 2003– 2004 സാമ്പത്തിക വർഷത്തിലെ ഒന്നാം അർധ വർഷമാണ് ശാസ്ത്ര ഭവൻ അവസാനമായി നികുതി അടച്ചത്. 1.41 കോടിയാണ് കുടിശിക.