കൊല്ലം: പൊലീസ് നോക്കിനിൽക്കെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഡിവൈഎഫ്ഐ പ്രവർത്തകർ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികള്‍ അധികൃതരുടെ സുരക്ഷിത വലയത്തിലുള്ളവര്‍.
വ്യവസായ വാണിജ്യവകുപ്പ് സംഘടിപ്പിച്ച വ്യവസായ നിക്ഷേപകസംഗമത്തിൽ പങ്കെടുക്കാൻ മന്ത്രി പി.രാജീവ് എത്തുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം.
മർദനത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം, ഫൈസൽ കുളപ്പാടം ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. പ്രവർത്തകരായ ശരത് മോഹൻ, അജ്മൽ, ആഷിക് ബൈജു, ഹർഷാദ് എന്നിവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരുടെ പരുക്ക് സാരമുള്ളതാണ്. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലം കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷ യു.പവിത്ര, ഡിവൈ എഫ്ഐ ജില്ലാ പ്രസിഡന്റ് ശ്യാം മോഹൻ എന്നിവർക്കും കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കുമെതിരെ കൊല്ലം ഈസ്റ്റ് പൊലീസ് കേസെടുത്തു.
മന്ത്രി എത്തുന്നതിനു മുൻപു തന്നെ ദ്രുതകർമസേന ഉൾപ്പെടെ വൻ പൊലീസ് കാവലിലായിരുന്നു ചിന്നക്കട. യൂത്ത് കോൺഗ്രസുകാർ സ്ഥലത്തെത്തിയ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന സ്പെഷൽ ബ്രാഞ്ച് പൊലീസ് ഉദ്യോഗസ്ഥർ തന്നെയാണു ഡിവൈ എഫ്ഐ പ്രവർത്തകരെ വിളിച്ചറിയിച്ചതെന്ന് ആരോപണമുണ്ട്. സംഘർഷം 15 മിനിട്ടോളം നീണ്ടു.
അനുനയിപ്പിക്കാൻ വന്ന പൊലീസ് ഉദ്യോഗസ്ഥനെയും ഡിവൈഎഫ്ഐ പ്രവർത്തകർ കഴുത്തിൽ കുത്തിപ്പിടിച്ചു ഭീഷണിപ്പെടുത്തി. കടകളിൽ ഇരച്ചുകയറിയ ഡിവൈഎഫ്ഐ പ്രവർത്തകർ പാത്രങ്ങളും ട്യൂബ്‌ലൈറ്റുകളും അടിച്ചുതകർത്തു. ഒരു കടയിലെ ജീവനക്കാരിക്കും അടിയേറ്റു. സംഘർഷമുണ്ടാക്കിയവരെ കസ്റ്റഡിയിൽ എടുക്കാൻ പൊലീസ് തയാറായില്ലെന്ന് ആരോപണമുണ്ട്. ചിന്താ ജെറോംറിസോര്‍ട്ട് വിവാദത്തിലടക്കം പ്രശ്നകാരികളായ യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ നേരത്തേ തന്നെ ലക്ഷ്യംവച്ചിട്ടാണ് അക്രമം നടന്നതെന്ന് ആരോപണമുണ്ട്.
പ്രതിഷേധിച്ച യൂത്ത്കോണ്‍ഗ്രസ് നേതാക്കളെ ആക്രമിച്ചത് കേരളത്തില്‍ നിലനില്‍ക്കുന്ന അരാജകത്വത്തിന് തെളിവാണെന്ന് എന്‍കെ പ്രേമചന്ദ്രന്‍ എംപി ആരോപിച്ചു.
അക്രമം നടത്തിയ ഡിവൈഎഫ്ഐ ഗുണ്ടകളെ അറസ്റ്റ്ചെയ്യണമെന്ന് ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ വെള്ളപൂശാന്‍ ഡിവെഎഫ്ഐ അക്രമം അഴിച്ചുവിടുകയാണെന്ന് എഐസിസി അംഗം ബിന്ദുകൃഷ്ണ ആരോപിച്ചു. ശക്തമായ പ്രതിഷേധവും സമരവും ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.