സുബിയുടെ വിവാഹം ഉടൻ നടക്കേണ്ടതായിരുന്നു, ഏറെ സന്തോഷവതിയായിരുന്നു അവർ ; എന്നാൽ……

Advertisement

കൊച്ചി: കുട്ടിപ്പട്ടാളത്തെ ഇറക്കി മലയാള ടെലിവിഷൻ പ്രേക്ഷകരുടെ മനം കവർന്ന നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിൽ അനുശോചിച്ച് സുഹൃത്തും നടനുമായ ടിനി ടോം. കരൾ സംബന്ധമായ പ്രശ്നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. സുബിക്ക് രോഗം ബാധിച്ചത് തികച്ചും അപ്രതീക്ഷിതമാണെന്നും ഉൾക്കൊള്ളാനാകുന്നില്ലെന്നും ടിനി ടോം പ്രതികരിച്ചു. സുബിയുടെ വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയിരുന്നുവെന്നും അവർ ഏറെ സന്തോഷവതിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്ത്, പതിനേഴ് ദിവസമായി സുബി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗമായിരുന്നു. സുബിയുടെ ഒരു സുഹൃത്താണ് തന്നെ വിവരം അറിയിച്ചത്. പുറത്ത് അധികം ആരോടും അധികം പറഞ്ഞിരുന്നില്ല. കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. സുരേഷ് ഗോപി വഴി പലരുമായി ബന്ധപ്പെട്ട് ഒരു എട്ട് ദിവസം കൊണ്ട് ചെയ്യേണ്ട നടപടികൾ നാല് ദിവസം കൊണ്ട് പൂർത്തിയാക്കി. സുബിയുടെ അമ്മയുടെ സഹോദരിയുടെ മകളാണ് കരൾ നൽകാൻ തയ്യാറായത്.
കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ നടപടികളും ശനിയാഴ്ചയോട് കൂടി പൂർത്തിയാക്കി. പക്ഷേ അതിനിടെ സ്ഥിതി മോശമായി. വൃക്കയിൽ അണുബാധയുണ്ടായി, മറ്റു അവയവങ്ങളിലേക്കും അത് പടർന്നു. അതിനിടെ രക്തസമ്മർദ്ദം കൂടി. അതിനാൽ ശസ്ത്രക്രിയ ചെയ്യാൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം വെന്റിലേറ്ററിലേക്ക് മാറ്റി. ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തു. പക്ഷേ രക്ഷിക്കായില്ലെന്നും ടിനി ടോം പറഞ്ഞു.
പുരുഷമേൽക്കോയ്മയുള്ള കോമഡി രംഗത്ത് തന്റേതായ ഇടം നേടിയ താരമാണ് സുബി സുരേഷ്. സ്റ്റേജ് ഷോകളിൽ നിറ സാന്നിധ്യമായിരുന്ന മികച്ച പ്രകടനമാണ് സുബി കാഴ്ചവച്ചിരുന്നത്. ഒട്ടേറെ സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. ടെലിവിഷൻ ഷോകളിലൂടെയാണ് സുബി ജനപ്രിയയാകുന്നത്.