മോഷണവിവരം അറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ചു: അറസ്റ്റിലായത് ഇളയ സഹോദരൻ
ചെറുതോണി: വീട്ടിലെ മോഷണവിവരമറിഞ്ഞ് ഗൃഹനാഥൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ പ്രതി സ്വന്തം അനുജൻ. വീട്ടുകാർ തീർഥാടനത്തിനു പോയ സമയത്ത് വീടു കുത്തിത്തുറന്ന് 75 കിലോഗ്രാം കുരുമുളകു മോഷ്ടിച്ച കേസിലെ പ്രതിയെ ഇന്നലെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തു. രാജമുടി പതിനേഴു കമ്പനി മണലേൽ അനിൽ കുമാർ (57) ആണ് അറസ്റ്റിലായത്. രാജമുടി മണലേൽ വിശ്വനാഥന്റെ വീട്ടിലാണ് മോഷണം നടന്നത്. വിവരം അറിഞ്ഞ വിശ്വനാഥൻ കുഴഞ്ഞു വീണു മരിച്ചിരുന്നു. വിശ്വനാഥന്റെ ഇളയ സഹോദരനാണ് അറസ്റ്റിലായ അനിൽകുമാർ.
ഭാര്യ വിദേശത്തായ അനിൽ കുമാർ വിശ്വനാഥന്റെ അയൽപക്കത്താണ് താമസം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വിശ്വനാഥനും ഭാര്യ ഷീലയും മക്കളായ അരുൺ, അനീഷ്, മരുമക്കൾ രമ്യ, അനുപ്രിയ എന്നിവരുമായി പഴനിക്കു ക്ഷേത്രദർശനത്തിനു പോയത്. ക്ഷേത്രദർശനം കഴിഞ്ഞു മടങ്ങവേ തമിഴ്നാട് കേരള അതിർത്തിയായ ചിന്നാറിലെത്തിയപ്പോൾ രാത്രി വീട്ടിൽ മോഷണം നടന്ന വിവരം ബന്ധുക്കൾ വിശ്വനാഥനെ വിളിച്ചറിയിച്ചു.
ഇതു കേട്ട വിശ്വനാഥൻ കാറിൽത്തന്നെ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. വീടിന്റെ പിറകുവശത്തെ കതകു കുത്തിത്തുറന്ന മോഷ്ടാവ് രണ്ടു പ്ലാസ്റ്റിക് ചാക്കിലാക്കി സൂക്ഷിച്ചിരുന്ന 75 കിലോഗ്രാം കുരുമുളകു മോഷണം നടത്തി. മോഷണം നടത്തിയ കുരുമുളക് ഇയാൾ തോപ്രാംകുടിയിലെ കടയിൽ വിറ്റിരുന്നു. മോഷണമുതൽ പൊലീസ് കണ്ടെടുത്തു.വീട്ടുകാരെക്കുറിച്ച് വ്യക്തമായി അറിവുള്ള ആരെങ്കിലുമായിരിക്കും മോഷണത്തിനു പിന്നിലെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പിന്നീട് ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. സാമ്പത്തിക ഞെരുക്കത്തെ തുടർന്നായിരുന്നു മോഷണമെന്നാണ് മൊഴി.
മുരിക്കാശേരി എസ്ഐ എൻ.എസ്.റോയി, എസ്ഐ സാബു തോമസ് എസ്‍സിപിഒമാരായ അഷറഫ് കാസിം, ഇ.കെ.അഷറഫ്, സിപിഒ ജയേഷ് ഗോപി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.