അനധികൃത മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം; നടത്തിപ്പുകാരൻ പിടിയിൽ

Advertisement

മാഹി: മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ അനധികൃതമായി പ്രവർത്തിച്ച മസാജ് സെന്ററിൽ റെയ്ഡ്. മാഹി സബ് ജയിലിന് സമീപം ആയുർ പഞ്ചകർമ്മ സ്പാ മസാജ് സെന്ററിന്റെ മറവിൽ പെൺവാണിഭം നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ നടത്തിപ്പുകാരൻ പിടിയിലായി. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി വലിയ വളപ്പിൽ വീട്ടിൽ ഷാജി (49) ആണ് അറസ്റ്റിലായത്.

മാഹി എസ്.പി രാജശങ്കർ വെള്ളാട്ടിന്റെ നിർദേശപ്രകാരം മാഹി പൊലീസാണ് ലൈസൻസ് ഇല്ലാതെ പ്രവർത്തിച്ച സ്ഥാപനത്തിൽ പരിശോധന നടത്തിയത്. മസാജ് സെന്ററിന്റെ പേരിൽ ആരംഭിച്ച വാട്സ് ആപ് ഗ്രൂപ്പുകളിലൂടെ യുവതികളുടെ ഫോട്ടോകൾ ആവശ്യക്കാർക്ക് എത്തിച്ച് സ്പായിൽ പ്രത്യേകം സൗകര്യമുണ്ടെന്ന് അറിയിച്ചായിരുന്നു പ്രവർത്തനം.

പ്രതിയെ മാഹി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കേസിൽ മൂന്നു പേരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് ഉടൻ ഉണ്ടാവുമെന്നും പൊലീസ് അറിയിച്ചു.

മാഹി സർക്കിൾ ഇൻസ്പെക്ടർ എ. ശേഖറും സംഘവുമാണ് അറസ്റ്റ് ചെയ്തത്. സംഘത്തിൽ എസ്.ഐമാരായ റീന മേരി ഡേവിഡ്, ആർ. ജയശങ്കർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐമാരായ പ്രസാദ്, സരോഷ്, ഹെഡ് കോൺസ്റ്റബിൾമാരായ പ്രശാന്ത്, സി.വി ശ്രീജേഷ്, ഡ്രൈവർ പ്രവീൺ എന്നിവരുമുണ്ടായിരുന്നു.