തിരുവനന്തപുരം. നെയ്യാറ്റിൻകര മാമ്പഴക്കരയിൽ അമ്മയ്ക്ക് മകൻ്റെ ക്രൂര മർദനം.വൃദ്ധയായ മാതാവിനെ മകൻ അതിക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. ശാന്ത എന്ന വൃദ്ധ മാതാവിനെ മകൻ രാജേഷ് ഞായറാഴ്ച്ച വൈകുന്നേരം അതി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ്
പുറത്ത് വന്നത്. നെയ്യാറ്റിൻകര പൊലീസ് മകൻ രാജേഷിനെതിരെ കേസ് എടുത്തു. ചാനലില്‍ വാർത്ത വന്നതിനെ തുടർന്ന് വനിതാ കമ്മീഷനും വിഷയത്തിൽ ഇടപെട്ടു.
പെറ്റമ്മയോട് ആരും സഹിക്കാത്ത ക്രൂരതയാണിയാള്‍ ചെയ്യുന്നത്. മാതാവിനെ അതിക്രൂരമായി മർദ്ദിക്കുകയും, കാല് കൊണ്ട് തൊഴിച്ച് നിലത്തിടുന്നതും മാതാവ് വാവിട്ട് കരയുന്നതും ദൃശ്യങ്ങളിലുണ്ട്..
വെൽഡിംഗ് തൊഴിലാളിയായ രാജേഷ് മദ്യലഹരിയിലാണ് മാതാവിനെ മർദിക്കുന്നത്. ജോലി കഴിഞ്ഞു മദ്യപിച്ചെത്തി ദിവസവും വൃദ്ധ മാതാവിനെ മർദ്ദിക്കുന്നത് നിത്യസംഭവമെന്ന് നാട്ടുകാർ പറയുന്നു.
ശാന്തയും മകൻ രാജേഷും മാത്രമാണ് വീട്ടിൽ താമസം. രാജേഷിൻ്റെ അതിക്രമം ഭയന്ന് ഭാര്യയും മക്കളും മാറി താമസിക്കുകയാണ്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് പല തവണ രാജേഷിനെ താക്കീത് ചെയ്തിട്ടും അതിക്രമം യഥേഷ്ടം തുടരുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു. മകനെതിരെ പരാതി നൽകാൻ അമ്മ ശാന്ത തയ്യാറല്ല. പൊലീസ് ചോദിച്ചാൽ മകനെതിരെ പരാതിയില്ലെന്നാണ് ശാന്തയുടെ നിലപാട്. തെളിവ് ഇല്ലാത്തതിനാൽ രാജേഷിനെതിരെ പൊലീസ് നടപടിയും സ്വീകരിച്ചിരുന്നില്ല. ചാനല്‍ വാർത്തയെ തുടർന്ന് നെയ്യാറ്റിൻകര പൊലീസ് രാജേഷിനെതിരെ കേസ് എടുത്തു. സംഭവത്തില്‍ വനിതാ കമ്മിഷനും സ്വമേധയാ കേസെടുത്തു.
വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ വൃദ്ധ മാതാവിനെ സന്ദർശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു.
വൃദ്ധസദനത്തിലേക്ക് മാറുന്നതിന്
പ്രേരിപ്പിച്ചെങ്കിലും അമ്മയും മകനും അതിന് തയാറായില്ല. അമ്മയെ മര്‍ദിക്കില്ലെന്ന് വാക്ക് നല്‍കിയെങ്കിലും വാര്‍ഡ് കൗണ്‍സിലറുടെയും കുടുംബശ്രീ എഡിഎസും പൊലീസും ഇക്കാര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് കമ്മിഷന്‍ നിര്‍ദേശിച്ചു.