ടൈറ്റാനിയം ജോലി തട്ടിപ്പു കേസ്: മുഖ്യപ്രതി ശശി കുമാരൻ തമ്പി കീഴടങ്ങി

Advertisement

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ടൈറ്റാനിയത്തിൽ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ കേസിലെ മുഖ്യപ്രതി ശശികുമാരൻ തമ്പി കീഴടങ്ങി. കേസ് അന്വേഷിക്കുന്ന കന്റോൺമെന്റ് പൊലീസിനു മുന്നിലാണ് കീഴടങ്ങിയത്. ടൈറ്റാനിയത്തിലെ മുൻ നിയമകാര്യ ഡപ്യൂട്ടി ജനറൽ മാനേജരാണ്.

ശശികുമാരൻ തമ്പിയും കേസിലെ മറ്റു പ്രതികളും ചേർന്ന് വിവിധ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്തു ഉദ്യോഗാർഥികളിൽനിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. തട്ടിപ്പിലെ പ്രധാന ഇടനിലക്കാരി ദിവ്യ നായർ, അഭിലാഷ്, ശ്യാംലാൽ എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. ശശികുമാരന്‍ തമ്പിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികൾ കോടതി തള്ളിയിരുന്നു. ഉദ്യോഗാർഥികളെ ഇയാളുടെ മുന്നില്‍ എത്തിച്ച് അവരില്‍ വിശ്വാസം ഉണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് മുൻകൂർ ജാമ്യം നിഷേധിച്ചത്.

പാല്‍കുളങ്ങര ക്ഷേത്രം കിഴക്കേനട സ്വദേശി ഹരികുമാറില്‍നിന്ന് ഒന്‍പത് ലക്ഷം തട്ടിയെടുത്ത കേസില്‍ കന്റോണ്‍മെന്റ് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലും ആനാട് ഗാന്ധിനഗര്‍ മലങ്കര ചര്‍ച്ചിനു സമീപം സഹോദരങ്ങളായ അജേഷ് മാത്യു, അലക്‌സ് മാത്യു, മാണിക്യവിളാകം അരുവിക്കര ലൈനില്‍ സച്ചിന്‍, കുര്യാത്തി അമ്മന്‍ കോവിലിനു സമീപം അഭിഷേക്, കല്ലിയൂര്‍ മുത്തുക്കുഴി ജലജനഗറില്‍ അഖില്‍, നെടുങ്കാട് കാര്‍ത്തിക ഭവനില്‍ ഹരികൃഷ്ണൻ എന്നിവരില്‍നിന്നു ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തതിനു വനിതാ പൊലീസ് സ്‌റ്റേഷനിൽ റജിസ്റ്റര്‍ ചെയ്ത കേസിലുമാണ് ശശികുമാരന്‍ തമ്പി മുന്‍കൂര്‍ ജാമ്യം തേടിയിരുന്നത്. നേരത്തേ പൂജപ്പുര പൊലീസും വെഞ്ഞാറമൂട് പൊലീസും കന്റോണ്‍മെന്റ് പൊലീസും റജിസ്റ്റര്‍ ചെയ്തിരുന്ന കേസുകളിലും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ തള്ളിയിരുന്നു.

ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസും പരിശോധനാ വിധേയമാക്കാന്‍ ഉള്ളതിനാല്‍ പ്രതിയുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും അഡിഷനല്‍ ജില്ലാ പ്ലീഡര്‍ എം.സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചിരുന്നു.

Advertisement