മകളുടെ നൃത്തം കാണാൻ പോകവേ അപകടം; അമ്മയ്ക്കു ദാരുണാന്ത്യം

Advertisement

ചാത്തന്നൂർ: സ്കൂൾ വാർഷികാഘോഷ ചടങ്ങിൽ ഏക മകളുടെ നൃത്തം കാണുന്നതിനായി പോകുമ്പോൾ സ്കൂട്ടറിൽ ടിപ്പർ ലോറി ഇടിച്ച് അമ്മയ്ക്കു ദാരുണാന്ത്യം. കല്ലവാതുക്കൽ നടയ്ക്കൽ മിൽമ ജംക്‌ഷനിൽ പ്രേം ഹൗസിൽ (വിസ്മയ) ഉല്ലാസ് കുമാറിന്റെ ഭാര്യ ബിന്ദുകുമാരിയാണു (45) മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സമീപവാസി സിദ്ധി ഭവനിൽ ബിന്ദുവിന് പരുക്കേറ്റു.

ഇന്നലെ വൈകിട്ട് 4.30ന് ദേശീയപാതയിൽ ശീമാട്ടി ജംക്‌ഷനിൽ അടിപ്പാത നിർമിക്കുന്നതിനു സമീപമാണ് അപകടം. ബിന്ദു കുമാരി സ്കൂട്ടറിന്റെ പിന്നിലിരിക്കുകയായിരുന്നു. ലോറിക്കടിയിൽപ്പെട്ടാണു മരണം. മറ്റേതെങ്കിലും വാഹനം തട്ടിയിട്ടതാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.ചാത്തന്നൂർ ക്രിസ്തോസ് മാർത്തോമ്മാ യുപി സ്കൂളിൽ മകൾ വിസ്മയ നൃത്തത്തിനായി ഒരുങ്ങുമ്പോഴാണു ദാരുണവാർത്തയെത്തുന്നത്.

ബിന്ദുവിന്റെ മൃതശരീരം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന്. ഭർ‌ത്താവ് വിദേശത്താണ്. ഇന്നു നാട്ടിൽ എത്തും.ചാത്തന്നൂർ താഴം പുടന്തര കിഴക്കതിൽ പരേതനായ ബാലചന്ദ്രൻ പിള്ളയുടെ മകളാണ്. ടിപ്പർ ലോറി ഡ്രൈവറെ ചാത്തന്നൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.