കോട്ടയം: വയലായിൽ മെത്ത ഫാക്ടറിയിൽ വൻ തീപിടിത്തം. ഫാക്ടറി പൂർണമായും കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. അവധി ദിനമായിരുന്നതിനാൽ ഫാക്ടറിയിൽ ജീവനക്കാർ ഇല്ലാതിരുന്നതുകൊണ്ടു വലിയ ദുരന്തം ഒഴിവായി.
റോയൽ ഫോം ഇൻഡസ്ട്രീസ് എന്ന മെത്ത ഫാക്ടറിയിലാണു തീപിടിത്തമുണ്ടായത്. തീയും പുകയും ഉയരുന്നത് കണ്ട് നാട്ടുകാർ ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. എന്നാൽ തകര ഷീറ്റുകൾ കൊണ്ട് ചുറ്റും മറച്ചിരുന്നതിനാൽ അകത്തേക്കു വെള്ളം ഒഴിക്കാൻ സാധിച്ചില്ല. ഇതു തീ ആളിപ്പടരാൻ കാരണമായി. മെത്ത നിർമാണത്തിനായി ഉപയോഗിക്കുന്ന ഫോം, സ്പോഞ്ച്, കയർ തുടങ്ങിയ ഉൽപന്നങ്ങളിലേക്ക് തീ പടർന്നതോടെ അപകടത്തിന്റെ വ്യാപ്തി വർധിച്ചു. അഗ്നിരക്ഷാസേനയുടെ നാലു യൂണിറ്റ് എത്തിയാണ് തീ അണച്ചത്.